ആഴക്കടലില്‍ മണിക്കൂറുകളോളം; ഓഖിയെ തോല്‍പിച്ച് ദേവദാസ് ജീവിതത്തിലേക്ക്

കൊച്ചി: 'പൂന്തുറ ഇവിടെ തൊട്ടടുത്തല്ലേ...എന്നിട്ടും ബന്ധുക്കള്‍ എന്താ ഇത്ര നേരമായിട്ടും വരാത്തേ''. എറണാകുളം ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുമ്പോള്‍ ആഴക്കടലില്‍ നിന്ന് താന്‍ രക്ഷപ്പെട്ടു കയറിയത് തിരുവനന്തപുരം ജില്ലയിലെ ഏതോ തീരത്താണെന്ന വിശ്വാസത്തിലാണ് മല്‍സ്യ തൊഴിലാളി ദേവദാസ്. നാല് ദിവസം മുമ്പ് പൂന്തുറയില്‍ നിന്ന് വഞ്ചിയില്‍ ആഴക്കടലിലേക്ക് യാത്രയായ ദേവദാസിനും (57) സുഹൃത്ത് ജോസഫിനും (54) ഇത് പുനര്‍ജന്‍മം.
ഒരു രാത്രിയും പകലും ആഴക്കടലിലലഞ്ഞ് മരണ വക്കില്‍നിന്ന് നേവിയുടെ സഹായത്തോടെ തിരികെ ജീവിതത്തിലേക്ക് കയറുമ്പോള്‍ കഴിഞ്ഞതെല്ലാം സ്വപ്‌നംപോലെയെന്ന് പറയാന്‍ മാത്രമേ ദേവദാസിന് സാധിക്കുകയുള്ളു. ഓഖി ചുഴലിക്കാറ്റ് തീര്‍ത്ത സംഹാരതാണ്ഡവത്തിലുലഞ്ഞാണ് ഇവരുടെ വള്ളം നടുക്കടലില്‍ മറിഞ്ഞത്. കൂടെയുണ്ടായിരുന്ന സ്റ്റാലിനും തുമ്പാ സ്വദേശിയായ മറ്റൊരു തൊഴിലാളിയും ആഴക്കടലിലേക്ക് മറയുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ ദേവദാസിനും ജോസഫിനും സാധിച്ചുള്ളു.
പൂന്തുറയില്‍ നിന്നും നാല് ദിവസം മുമ്പാണ് ഇവര്‍ വഞ്ചിയില്‍ ആഴക്കടലിലേക്ക് യാത്ര തിരിച്ചത്. അന്ന് രാത്രി വീശിയടിച്ച ഓഖി കടലിനെ പ്രക്ഷുബ്ധമാക്കിയപ്പോള്‍ പേടിച്ചത് തന്നെ സംഭവിച്ചു. വള്ളം കടലില്‍ മറിഞ്ഞു. അര്‍ധരാത്രി രണ്ട് മണിയോട് അടുത്താണ് അപകടം സംഭവിച്ചതെന്ന് മാത്രമറിയാം. മാനംമുട്ടെ ഉയര്‍ന്നുപൊങ്ങുന്ന തിരയില്‍ മറിഞ്ഞ വള്ളത്തില്‍ പിടിച്ച് മണിക്കൂറുകളോളം കടലില്‍ അലഞ്ഞു. ഒടുവില്‍ നേവി നടത്തിയ തിരച്ചിലിലാണ് ദേവദാസും സുഹൃത്ത് ജോസഫും തിരികെ കയറിയത്.
തീര്‍ത്തും അവശരായ ഇരുവരെയും ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
57കാരനായ ദേവദാസ് ഒമ്പത് വയസ്സുമുതല്‍ കടലില്‍ മല്‍സ്യബന്ധനത്തിനായി പോയിത്തുടങ്ങിയതാണ്. ഇങ്ങനെയൊരു അപകടം ആദ്യമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴും വിട്ടുമാറാത്ത ഞെട്ടലിലാണ് ദേവദാസ്.
Next Story

RELATED STORIES

Share it