Flash News

ആള്‍വാറിലെ ഹിന്ദുത്വരുടെ ആള്‍ക്കൂട്ടക്കൊല: ആശുപത്രിയിലെത്തിക്കാതെ പോലിസ് ചായ കുടിക്കാന്‍ പോയി

ജയ്പൂര്‍: രാജ്‌സഥാനിലെ ആ ള്‍വാറില്‍ ഹിന്ദുത്വരുടെ ആക്രമണത്തിന് വിധേയമായ ആളെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പെ നാല് മണിക്കൂര്‍ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍.പിടിക്കപെട്ട പശുക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും, പോലിസ് സ്‌റ്റേഷനില്‍ പോയി വരാനും, ചായകുടിക്കാനുമുള്ള സമയമെടുത്ത ശേഷം മാത്രമാണ് ഇരയെ പോലീസ് ആശുപത്രിയിലെത്തിച്ചത്.പോലീസ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഗുരുതരമായി പരിക്കേറ്റയാള്‍ മരണപെട്ടിരുന്നു.28കാരനായ അക്ബര്‍ ഖാന്‍ ആശുപത്രിയിലെത്തിക്കുന്ന വഴിയില്‍ വെച്ച് മരണപ്പെട്ടന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍.
ആള്‍വാര്‍ ഗ്രാമത്തില്‍ നിന്നുള്ള  മൂന്ന് പേരെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.രാജ്‌സഥാനിലെ ആള്‍വാറിലാണ്  പശുകടത്തെന്ന സംശയിച്ച് ഒരു കൂട്ടമാളുകള്‍ അക്ബര്‍ ഖാനെ മര്‍ദ്ദിച്ചത്. മര്‍ദനമേറ്റ് അവശനിലയിലായ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പോലീസ് കുറ്റകരമായ ഉദാസീനത കാട്ടിയെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. ചളിയില്‍ മുങ്ങിയ അക്ബറിനെ പോലീസ് കുളിപ്പിച്ചതായും പോലീസിനോടൊപ്പം തന്നെയുണ്ടായിരുന്ന നാവല്‍ കിഷോര്‍ എന്ന യുവാവ് പറയുന്നു. സംഭവത്തില്‍ 12.41 ഓടെ പോലീസില്‍ വിവരമറിയിച്ചെങ്കിലും അരമണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് എത്തിയത്.
സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത പശുക്കളെ ഗോശാലയിലെത്തിക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുകയാണ് പോലിസ് സംഘം ആദ്യം ചെയ്തത്. ഇതിനിടെ വാഹനത്തില്‍ വച്ച് പോലിസ് യുവാവിനെ മര്‍ദിക്കുന്നതും ചീത്തവിളിക്കുന്നതും കണ്ടതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു. യുവാവ് വേദനിക്കുന്നതായി പരാതിപ്പെട്ടപ്പോള്‍ പോലിസുകാര്‍ തൊട്ടടുത്തുള്ള ചായക്കടയില്‍ നിന്ന്് നാല് ചായ ഓര്‍ഡര്‍ ചെയ്തു. അതിനു ശേഷം പശുക്കളെ കൊണ്ടുപോകാനുള്ള വാഹനത്തിനായി കാത്തു നിന്നു.
പിന്നീട് യുവാവുമായി പോലിസ് സ്‌റ്റേഷനിലെത്തി. അതിനു ശേഷം ഗോശാലയിലേക്ക് പോയി. ഇതിനു ശേഷമാണ് പോലിസ് യുവാവുമായി ആശുപത്രിയിലെത്തുന്നത്.  ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.
എഫ്‌ഐആറില്‍ രേഖപ്പെടുത്തിയതനുസരിച്ച് അര്‍ധരാത്രി 12.41നാണ് അക്രമസംഭവം അറിയിച്ചുകൊണ്ടുള്ള സന്ദേശം പോലിസിനു ലഭിക്കുന്നത്. പോലിസ് 1.20നു സ്ഥലത്തെത്തി. പുലര്‍ച്ചെ 4 മണിയോടെയാണ് സംഘം ആശുപത്രിയിലെത്തുന്നതെന്ന് ആശുപത്രിരേഖകള്‍ വ്യക്തമാക്കുന്നു.
ഹരിയാനയിലെ കൊലഗാവ് ഗ്രാമത്തില്‍ നിന്നു രാംഗഡിലെ ലാല്‍വാന്ദി ഗ്രാമത്തിലേക്ക് പശുവുമായി വരുകയായിരുന്നു അക്ബര്‍ ഖാനും സുഹൃത്തും. കാടിനോട് ചേര്‍ന്ന പ്രദേശത്ത് ഒരു സംഘം ആളുകള്‍ ഇരുവരെയും ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2017 ഏപ്രിലില്‍ 55കാരനായ പെഹ്‌ലു ഖാന്‍ രണ്ടു പശുക്കളുമായി വീട്ടിലേക്കു മടങ്ങവെ പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ട ആക്രമണത്തിനു വിധേയമായി കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it