ആള്‍മാറാട്ടം നടത്തി കാര്‍ തട്ടിയെടുത്ത സംഭവം: യുവതി അറസ്റ്റില്‍

കൊച്ചി: ആള്‍മാറാട്ടം നടത്തി കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ യുവതി പിടിയില്‍. മുഖ്യപ്രതിയായ യുവാവിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. തിരുവനന്തപുരം സ്വദേശിയായ ലക്ഷ്മിയാണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്. സംഭവത്തിലെ ഒന്നാംപ്രതി കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോസ് കുര്യന്‍ തോമസ് എന്നയാള്‍ക്കുവേണ്ടി ഊര്‍ജിത അന്വേഷണം നടത്തിവരുന്നതായി എറണാകുളം നോര്‍ത്ത് പോലിസ് എസ്‌ഐ എസ് സനല്‍ അറിയിച്ചു.
എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ നോര്‍ത്ത് അവന്യൂ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന യെല്ലോ എക്‌സ്പ്രസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പു നടത്തിയത്. വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശിയായ കൃഷ്ണകുമാറില്‍നിന്നാണ് കാര്‍ തട്ടിയെടുത്തത്. കൃഷ്ണകുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനായി വാഹനം വാടകയ്ക്കു തരാന്‍ താല്‍പര്യമുണ്ടെങ്കില്‍ യെല്ലോ എക്‌സ്പ്രസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് ബന്ധപ്പെടാന്‍ എസ്എംഎസ് സന്ദേശം വന്നു. തുടര്‍ന്ന് മാസം 25,000 രൂപ വാടകയ്ക്ക് കൃഷ്ണകുമാറിന്റെ പേരിലുള്ള കാര്‍ കരാര്‍പ്രകാരം യെല്ലോ എക്‌സ്പ്രസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഏല്‍പിച്ചു.
കൃഷ്ണകുമാറിന്റെ ഭാര്യാ സഹോദരന്റെ കാറും ഈസ്ഥാപനത്തില്‍ ഏല്‍പിച്ചിരുന്നു. ഈ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന ഇടുക്കി സ്വദേശി മുകേഷ് മോഹന്‍ എന്നയാളെ 20,000 രൂപ ശമ്പളം നല്‍കാമെന്നുപറഞ്ഞ് മാര്‍ക്കറ്റിങ് മാനേജരായി യെല്ലോ എക്‌സ്പ്രസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിയമിച്ചശേഷം ശമ്പളം നല്‍കാതെ കബളിപ്പിച്ചതായും പരാതിയുണ്ട്. ഇതു കൂടാതെ മറ്റു 120 പേരെ മാര്‍ക്കറ്റിങ് മാനേജര്‍മാരായി നിയമിച്ചശേഷം ശമ്പളം നല്‍കാതെ കബളിപ്പിച്ചതായും പരാതിയുണ്ട്.
Next Story

RELATED STORIES

Share it