Flash News

ആള്‍ക്കൂട്ട കൊല: 11 ഹിന്ദുത്വര്‍ക്ക് ജീവപര്യന്തം

രാംഗഡ്: പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡിലെ അലീമുദ്ദീന്‍ അന്‍സാരിയെ മര്‍ദിച്ചുകൊന്ന കേസിലെ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ്. രാംഗഡ് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. രാജ്യത്ത് ആദ്യമായാണ് ഗോരക്ഷയുടെ പേരിലുള്ള ആക്രമണക്കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. ബിജെപിയുടെ പ്രാദേശിക നേതാവ് നിത്യാനന്ദ മഹാതോ അടക്കമുള്ള 11 പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
കുറ്റവാളികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ ആദ്യമായാണ് ഒരു ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുന്നതെന്ന് പ്രതിഭാഗം വാദിച്ചു. ഇരയുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. വിധിയില്‍ തങ്ങള്‍ തൃപ്തരാണെന്ന് അലീമുദ്ദീന്റെ കുടുംബം പ്രതികരിച്ചു. തങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അലീമുദ്ദീന്‍. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യമാണെന്നും കുടുംബം അറിയിച്ചു.
കഴിഞ്ഞവര്‍ഷം ജൂണ്‍ 29നാണ് അന്‍സാരിയെ സംഘപരിവാര പ്രവര്‍ത്തകര്‍ തല്ലിക്കൊന്നത്. അന്‍സാരി സഞ്ചരിച്ച കാറില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇദ്ദേഹത്തിന്റെ കാറും സംഘം അഗ്നിക്കിരയാക്കിയിരുന്നു. പോലിസ് ഇടപെട്ട് അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെയാണ് ബീഫ് കൈവശംവച്ചെന്ന് ആരോപിച്ച് അന്‍സാരിയെ കൊലപ്പെടുത്തിയത്. ഭജര്‍ദന്ത് ഗ്രാമത്തിന് സമീപമുള്ള ക്ഷേത്രത്തിനു മുന്നില്‍ വണ്ടി തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം.
കേസിലെ ഏക സാക്ഷിയും അന്‍സാരിയുടെ സഹോദരന്റെ ഭാര്യയുമായ സുലൈഖ കഴിഞ്ഞ ഒക്ടോബറില്‍ കൊല്ലപ്പെട്ടിരുന്നു. കോടതി കേസ് പരിഗണിക്കുന്ന ദിവസം സാക്ഷിപറയാനെത്തി തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ കോടതിയില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്കു പോവുന്നതിനിടെയാണ്  ഇവര്‍ കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേര്‍ ബൈക്കിലെത്തി സുലൈഖ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it