ആള്‍ക്കൂട്ട കൊലപാതകം: ഒരാള്‍കൂടി അറസ്റ്റില്‍

ഹൈദരാബാദ്: അസമില്‍ കുട്ടികളെ മോഷ്ടിക്കുന്നവരെന്ന് സംശയിച്ച് രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 24 ആയി. കര്‍ബി അംഗ്‌ലോംഗ് ജില്ലയില്‍ പോലിസ് തിരച്ചില്‍ തുടരുകയാണ്. പോലിസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ മുകേഷ് അഗര്‍വാളിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമം ദുരുപയോഗം ചെയ്തതിന് ദിഫു ജില്ലയില്‍ നിന്ന് മറ്റ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നവര്‍ അസമിലെത്തിയിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സന്ദേശമാണ് കൊലപാതകത്തിന് കാരണം. സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ പോലിസ് ജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. നീലോല്‍പല്‍ ദാസ് (29), അഭിജിത് നാഥ് (30) എന്നിവരെയാണ് ജനക്കൂട്ടം വാഹനം തടഞ്ഞ് തല്ലിക്കൊന്നത്. വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്നു തിരിച്ചുവരികയായിരുന്നു അവര്‍.
കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അജ്ഞതയ്ക്കുമെതിരേ സംസ്ഥാനത്താകെ ബോധവല്‍ക്കരണം സംഘടിപ്പിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ തീരുമാനമെടുത്തത്. എല്ലാ വികസന ബ്ലോക്കുകളിലും പഞ്ചായത്തുകളിലും ബോധവല്‍ക്കരണം നടക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it