Flash News

ആള്‍ക്കൂട്ട ആക്രമണ കൊലപാതകം; പാര്‍ലമെന്റില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണ കൊലപാതകങ്ങള്‍ക്കെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ ലോക്‌സഭയില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഈ വിഷയം ചര്‍ച്ചചെയ്യാന്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാല്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. സാമൂഹികപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെതിരേ നടന്ന അക്രമങ്ങളെ അപലപിച്ച അദ്ദേഹം സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡില്‍ സ്വാമി അഗ്‌നിവേശിനെതിരെയും തിരുവനന്തപുരത്തു ശശി തരൂരിന്റെ ഓഫിസിനു നേരെയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമം ഈ രാഷ്ട്രീയ അസഹിഷ്ണുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
ജാര്‍ഖണ്ഡില്‍ മാംസവ്യാപാരിയെ അടിച്ചു കൊന്ന കേസിലെ പ്രതികളെ മാലയിട്ടു സ്വീകരിക്കുകയും അവരോടൊപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്ത വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസ്സും പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേളയി ല്‍ മന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോഴായിരുന്നു പ്രതിഷേധം. തന്റെ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സിന്‍ഹ എഴുന്നേറ്റപ്പോ ള്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. എന്നാല്‍, മന്ത്രി ഇതു വകവയ്ക്കാതെ മറുപടി പറയുന്നത് തുടര്‍ന്നു. സിന്‍ഹ മറുപടി പൂര്‍ത്തിയാക്കുന്നത് വരെ പ്രതിപക്ഷം നടുത്തളത്തി ല്‍ നിലയുറപ്പിച്ചു മുദ്രാവാക്യം മുഴക്കി.
സ്വാമി അഗ്‌നിവേശിനെതിരേ നടന്ന അക്രമങ്ങളെ രാജ്യസഭയിലും എംപിമാര്‍ അപലപിച്ചു. സിപിഎമ്മിന്റെ ടികെ രംഗരാജന്‍, എഎപിയുടെ സഞ്ജയ് സിങ് എന്നിവര്‍ ഈ വിഷയത്തില്‍ പങ്കെടുത്തു സംസാരിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങളെ സംബന്ധിച്ച ചോദ്യത്തിനു കൊലപാതകങ്ങള്‍ തടയാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനല്ലെന്നും സംസ്ഥാനങ്ങള്‍ക്കാണെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസ്താവന സഭയില്‍ പ്രതിഷേധത്തിന് കാരണമായി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ പരക്കുന്ന തെറ്റായ സന്ദേശങ്ങളുമാണ് ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നിലെന്ന് രാജ്‌നാഥ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളാണ് ജാഗ്രത പാലിക്കേണ്ടതെന്നും ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നുമായിരുന്നു രാജ്‌നാഥിന്റെ പ്രതികരണം. ആഭ്യന്തര മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും ഇത് കേന്ദ്രവും സംസ്ഥാനവും പരസ്പരം ഉത്തരവാദിത്തം വച്ചുമാറുന്ന കളിയല്ലെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it