ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം: ഒരാള്‍ കസ്റ്റഡിയില്‍

അഞ്ചല്‍(കൊല്ലം): സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിന് ഇരയായ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. അഞ്ചല്‍ പനയഞ്ചേരിയില്‍ വാടകയ്ക്ക് താമസിച്ചുവന്ന പശ്ചിമ ബംഗാള്‍ സ്വദേശി മണിക് റോയി (32)യുടെ മരണവുമായി ബന്ധപ്പെട്ട് പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പി (48)നെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാവിലെ 10ഓടെ ജോലിസ്ഥലത്തുവച്ച് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മണിക് റോയിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തലയ്‌ക്കേറ്റ മര്‍ദനമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ശശിധരക്കുറുപ്പിനെ പോലിസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസം 25ന് പനയഞ്ചേരിയില്‍ വച്ച് മണിക് റോയിക്ക് മര്‍ദനമേറ്റിരുന്നു. സമീപത്തെ വീട്ടില്‍ നിന്ന് കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് പോകവെ നാട്ടുകാരായ മൂന്നു പേര്‍ മണിക് റോയിയെ തടഞ്ഞുനിര്‍ത്തി മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദിക്കുകയുമായിരുന്നു. രക്തം വാര്‍ന്നു ബോധരഹിതനായ മണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏതാനും ദിവസത്തെ ചികില്‍സയ്ക്കു ശേഷം പുറത്തുവന്ന മണിക് റോയി കൂലിവേലയ്ക്ക് പോകുന്നത് തുടര്‍ന്നു. കഴിഞ്ഞ ദിവസം ജോലിസ്ഥലത്തുവച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മണിക് റോയിയെ സഹപ്രവര്‍ത്തകര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. തലയുടെ പിന്‍ഭാഗത്തേറ്റ മുറിവില്‍ അണുബാധയേറ്റതും വിദഗ്ധ ചികില്‍സ കിട്ടാത്തതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Next Story

RELATED STORIES

Share it