malappuram local

ആള്‍ക്കൂട്ട ആക്രമണത്തിനിരയായ വൃദ്ധന് 'തെരുവോര'ത്തിന്റെ തണല്‍

പൊന്നാനി: കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയ യാചകനാണെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച അന്യസംസ്ഥാനക്കാരനായ ദേവനാരായണന് തെരുവോരം റെസ്റ്റിറ്റിയൂട്ട് കെയറിന്റെ പുതുജീവന്‍.  ദുരിതമറിഞ്ഞ് പൊന്നാനിയിലെത്തിയ പ്രവര്‍ത്തകര്‍  കാളികാവ് അടക്കാകുണ്ട് ഹിമ കെയര്‍ ഹോമിലേക്കാണ് ഇയാളെ  മാറ്റിയത്. തവനൂരിലെ സര്‍ക്കാര്‍ അഭയകേന്ദ്രം അധികൃതര്‍ കൈമലര്‍ത്തിയതോടെയാണ് ആരോരുമില്ലാതെ കഴിഞ്ഞിരുന്ന വൃദ്ധന് തെരുവോരം പ്രവര്‍ത്തകര്‍ പുതുജീവിതം  നല്‍കിയത്.
മാനസിക തകരാറുള്ളതിനാല്‍ ഇയാളെ ഏറ്റെടുക്കാന്‍ തവനൂരിലെ സര്‍ക്കാര്‍ അഭയകേന്ദ്രം തയ്യാറായില്ല .മെഡിക്കല്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ കോഴിക്കോടുള്ള ആശാഭവനിലേക്ക് മാറ്റാമെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ അതിന് കാത്തുനില്‍ക്കാന്‍ നഗരസഭ തയ്യാറായില്ല.കഴിഞ്ഞ മൂന്നാഴ്ചയായി ആരോരുമില്ലാതെ പൊന്നാനി താലൂക്കാശുപത്രിയില്‍ ദുരിതത്തില്‍  കഴിഞ്ഞിരുന്ന ദേവനാരായണന്  പൊന്നാനി നഗരസഭയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തെരുവോരം പ്രവര്‍ത്തകര്‍  ഏറ്റെടുത്തത്. ക്രൂരമായ മര്‍ദനത്തിനിരയായ ഇയാള്‍ താലൂക്കാശുപത്രിയില്‍ ആരോരുമില്ലാതെ കഴിയുന്നതിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട തെരുവോരം ഭാരവാഹികള്‍ നഗരസഭാ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെ ഇയാളെ തെരുവോരം റെസ്റ്റിറ്റിയൂട്ട് കെയര്‍ അധികൃതര്‍ കൂട്ടിക്കൊണ്ടുപോയി. അനുസരണയുള്ള കൊച്ചുകുഞ്ഞിനെപോലെ ഇയാള്‍ അവരോടൊപ്പം പുതിയ താമസസ്ഥലത്തേക്ക് പോയി.മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനാല്‍ പലപ്പോഴും ഇയാള്‍ ഒന്നും സംസാരിക്കുന്നില്ല.അന്ന് ക്രൂരമായി  തല്ലിയവരും ദൃശ്യങ്ങള്‍ വൈറലാക്കിയവരും ഇപ്പോള്‍  സുരക്ഷിതരാണ്.രണ്ടു പേര്‍ക്കെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തെങ്കിലും വൈകാതെ ജാമ്യവും കിട്ടി. എല്ല് മുറിയും വരെ തല്ലുകിട്ടിയ വയോധികന്‍  താലൂക്ക് ആശുപത്രിയില്‍ ആരോരുമില്ലാതെ കിടക്കുകയായിരുന്നു ഇതുവരെ.ഇയാളുടെ ആരോഗ്യ സ്ഥിതി ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. ഇയാള്‍ക്ക് വേണ്ടി പരാതി ബോധിപ്പിക്കാന്‍ സ്‌റ്റേഷനിലേക്ക് ആരും എത്തിയതുമില്ല.
തെരുവോരം കെയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരായ രാകേഷ് പെരുവല്ലൂര്‍, സി പി സെയ്ത്തുകയൂര്‍, എ വി ജയറാം, പി വി ഹരി കോട്ടക്കല്‍ എന്നിവരാണ് ദേവനാരായണനെ കാളികാവിലേക്ക് കൊണ്ടു പോയത്.    ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍, സി പി മുഹമ്മദ്കുഞ്ഞി, കൗണ്‍സിലര്‍ മഞ്ചേരി ഇഖ്ബാല്‍, ഹെഡ് നഴ്‌സ് ലിന്‍സി എന്നിവര്‍ ചേര്‍ന് യാത്രയാക്കി.
Next Story

RELATED STORIES

Share it