Flash News

ആള്‍ക്കൂട്ട ആക്രമണം: ഒരാഴ്ചയ്ക്കകം വിധി നടപ്പാക്കണം; സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതിയുടെ അന്ത്യശാസനം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനായി പുറപ്പെടുവിച്ച വിധി എല്ലാ സംസ്ഥാനങ്ങളും ഒരാഴ്ചയ്ക്കകം നടപ്പാക്കണമെന്ന് സുപ്രിംകോടതിയുടെ അന്ത്യശാസനം. വിധിയില്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ സപ്തംബര്‍ 13നകം നടപ്പില്‍വരുത്തണം. നടപ്പാക്കിയതു സംബന്ധിച്ച റിപോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിച്ചില്ലെങ്കില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ നേരിട്ടു ഹാജരാവേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ജൂലൈ 17ലെ വിധിക്കുശേഷവും രാജ്യത്ത് പലയിടത്തും കൊലപാതകങ്ങളും അക്രമങ്ങളും തുടരുന്നതാണ് കടുത്ത നടപടിയിലേക്കു നീങ്ങാന്‍ സുപ്രിംകോടതിയെ പ്രേരിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 11 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണപ്രദേശങ്ങളും മാത്രമാണ് ഇതുവരെ റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബാക്കി സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും ഗുരുതര പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന മുന്നറിയിപ്പുകള്‍ റേഡിയോയിലൂടെയും ടിവിയിലൂടെയും വ്യാപകമായി പ്രചരിപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കു സുപ്രിംകോടതി നിര്‍ദേശം നല്‍കി.
കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാവാല നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ആല്‍വാറില്‍ ക്ഷീരകര്‍ഷകനായ റക്ബര്‍ ഖാന്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ഹരജി. ആള്‍ക്കൂട്ട ആക്രമണത്തെ ജൂലൈ 21ന് സുപ്രിംകോടതി അപലപിച്ച് ദിവസങ്ങള്‍ക്കകമായിരുന്നു സംഭവം. സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ രാജസ്ഥാനിലെ ചീഫ് സെക്രട്ടറിയും പോലിസ് മേധാവിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. കേസില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
അതേസമയം, സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടക്കൊല സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ കോടതിയില്‍ വ്യക്തമാക്കി. ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനുള്ള നിയമം നിര്‍മിക്കുന്നതിന് മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ വാദം കേള്‍ക്കുന്നതിനിടെ കഴിഞ്ഞ ജൂലൈ 17ന് ഗോസംരക്ഷകരുടെ അക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും തടയുന്നതിന് പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.



Next Story

RELATED STORIES

Share it