malappuram local

ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ചാ ശ്രമം; കരുവാരക്കുണ്ടില്‍ രണ്ടുപേര്‍ പിടിയില്‍

കരുവാരകുണ്ട്:  ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ച് കളവുനടത്താന്‍ പദ്ധതിയിട്ട രണ്ടു പേരെ തുവ്വൂരില്‍ വച്ച് കരുവാരക്കുണ്ട് പോലിസ് അറസ്റ്റ് ചെയ്തു. എസ്‌ഐ ജ്യോതീന്ദ്രകുമാറും, സംഘവും പുലര്‍ച്ചെ രണ്ടോടെയാണ്് പ്രതികളെ പിടികൂടിയത്.
തലശ്ശേരി, ഇരിട്ടി, എറണാകുളം, താനൂര്‍, മലപ്പുറം, മഞ്ചേരി ഭാഗങ്ങളില്‍ നിരവധി കളവു കേസുകളില്‍ ശിക്ഷിക്കപ്പെട്ട പാണ്ടിക്കാട് സ്വദേശി കൊടുവള്ളി ഷബീറലി എന്ന മാജിക്ക് ഷബീര്‍ (34), മഞ്ചേരി, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ കളവ് നടത്തി ശിക്ഷക്കപ്പെട്ട പാണ്ടിക്കാട് വള്ളുവനാട് സ്വദേശി പാലത്തിങ്കല്‍ സെയ്ഫുദ്ധീന്‍ (35) എന്നിവര്‍ മോഷണത്തിനുള്ള ഉപകരണങ്ങളുമായിട്ടാണ് കരുവാരക്കുണ്ട് പോലിസിന്റെ പിടിയിലാത്.
ഒന്നാം പ്രതി ഷബീറലി വിവിധ കേസുകളിലായി 2009 മുതല്‍ 2014 വരെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ജയിലില്‍വച്ച് പരിചയപ്പെട്ട രണ്ടാം പ്രതിയായ സെയ്ഫുദീനുമായി ചേര്‍ന്ന് കുറ്റ കൃത്യങ്ങള്‍ ആസൂത്രണം ചെയ്ത് രാത്രി കാലങ്ങളിലും മറ്റും സഞ്ചരിച്ച് മോഷണം നടത്തുന്ന രീതിയാണ് ഇവര്‍ അവലംബിച്ചു വരുന്നത്. റമദാന്‍ മാസം ആരംഭിച്ച ശേഷം ഇഫ്താര്‍ വിരുന്നിനുപോവുന്നവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിനാണ് ഇവര്‍ കരുവാരക്കുണ്ട് എത്തിയത്. അന്വേഷണത്തില്‍ ഈ അടുത്ത ദിവസം പാണ്ടിക്കാട് പോലിസ് സ്‌റ്റേഷനിന് അടുത്തുള്ള വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയതായി പ്രതികള്‍ സമ്മതിച്ചു.
കളിയാട്ടമുക്ക് കൊടക്കാടുനിന്ന് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച ശേഷം കോഴിക്കോട് പാളയത്തിലുള്ള വിവിധ ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. ഒന്നാംപ്രതി കേരള സംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ തിരുത്തി ഏജന്‍സികളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതില്‍ വിദഗ്ധനാണ്. പത്ത് ദിവസം മുമ്പ് മഞ്ചേരിയില്‍ രണ്ട് വീടുകള്‍ കുത്തിപൊളിച്ച് മോഷണം നടത്തിയതും ഇവരാണെന്ന് അന്വേഷണത്തില്‍ വ്യകതമായി.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ കരുവാരക്കുണ്ട് സബ് ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്ര കുമാര്‍ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, എഎസ്‌ഐ അബ്ദുള്‍ സലാം, എസ്‌സിപിഓ സെബാസ്റ്റ്യന്‍ രാജേഷ്, രതീഷ് മണ്‍സൂര്‍ സിപിഒമാരായ ഫാസില്‍, അരുണ്‍, ഇല്യാസ്, സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it