palakkad local

ആളിയാര്‍ ജലപ്രശ്‌നം: മുഖ്യമന്ത്രി ഇടപെടുന്നു

ചിറ്റൂര്‍: ആളിയാര്‍-പറമ്പികുളം ജലപ്രശ്‌നത്തില്‍ കരാര്‍ ലംഘനവും നിഷേധാത്മ നിലപാടും തുടരുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലപ്രശ്‌നവുമായി ബന്ധപ്പെട്ട് ചിറ്റൂരിലെ എല്‍ഡിഎഫ് സംഘം ഇന്നലെ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആളിയാര്‍-പറമ്പികുളം ജലപ്രശ്‌നവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സംഘം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തുകയും വിശദ റിപോര്‍ട്ട് നിവേദനമായി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും അടിയന്തരമായി ഇടപെടാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിയുമായി ഫോണില്‍ ബന്ധപ്പെട്ട്  സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വെള്ളം വിട്ടുകിട്ടുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ടു. ചിറ്റൂരിലെ നെല്‍കൃഷിയെ ഉണക്ക ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും ജില്ലയുടെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുമായി ചര്‍ച്ച നടത്തുന്നതിന് മുഖ്യമന്ത്രി തന്നെ നേരിട്ട് തമിഴ്‌നാനാട്ടിലെത്താമെന്നും അറിയിച്ചു.അടുത്ത ദിവസം തന്നെ സമയം അനുവദിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി എല്‍.ഡി.എഫ് സംഘത്തെ അറിയിച്ചു.  ജനുവരി പത്തൊമ്പതിനു ചേര്‍ന്ന ഇരു സംസ്ഥാന സെക്രട്ടറിതല ചര്‍ച്ചയില്‍ ഫെബ്രുവരി 15 വരെ 400 ഘനയടി എന്ന തോതില്‍ വെള്ളം വിട്ടു നല്‍കാനും തുടര്‍ന്ന് വെള്ളം വിട്ടുനല്‍കുന്ന കാര്യത്തില്‍ ഫെബ്രുവരി 10ന് ചെന്നെയില്‍ വച്ച് ചേരുന്ന ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിതല ചര്‍ച്ചയില്‍ തീരുമാനിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു വിപരീതമായി മുന്നറിയിപ്പിലാതെ ആളിയാറില്‍ നിന്നുള്ള വെള്ളം നിര്‍ത്തലാക്കുകയായിരുന്നു. ഒപ്പം തമിഴ്‌നാട് ആഥിത്യം വഹിക്കാനിരുന്ന ചെന്നൈയില്‍ കഴിഞ്ഞ 10 ന് ചേരാനിരുന്ന  യോഗത്തില്‍ തമിഴ്‌നാടിലെ ഒരു ജീവനക്കാരന്‍ പോലും പങ്കെടുക്കാതെ അവഹേളിക്കുന്ന നിലപാടാണ് തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുമുണ്ടായതായും സംഘം മുഖ്യമന്ത്രിയോട് ധരിപ്പിച്ചു.ഇതേ തുര്‍ന്നാണ് ഇനി ചര്‍ച്ചയ്ക്ക് ഉദ്യോഗസ്ഥരെ  നിയോഗിക്കുന്നതിനു പകരം മുഖ്യമന്ത്രി തന്നെ തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ തിരുമാനിക്കുകയായിരുന്നു.തമിഴ്‌നാടിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പത്തിന് ജില്ലയിലെ നാല്എം.എല്‍.എമാരും എം.പിയും ഉപവാസ സമരം നടത്തിയിരുന്നു. ജില്ലാ സെക്രട്ടറിക്ക് പുറമെ പി കെ ബിജു എംപി, സിപിഎം ചിറ്റൂര്‍ ഏരിയാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, സിപിഐ മണ്ഡലം സെക്രട്ടറി ഹരി പ്രകാശ്, ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജി മാരിമുത്തു, കുളന്തൈതെരെസ, ബബിത, ജയശ്രീ, പെരുവെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ബാബു, ആല്‍ബര്‍ട്ട് ആന്തോണി രാജ്, പങ്കജാക്ഷന്‍, വിനോദ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്.
Next Story

RELATED STORIES

Share it