ആല്‍വാര്‍ കൊലപാതകം; രാജസ്ഥാന് പുറത്ത് വിചാരണ: ഹരജി അടുത്തയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ആല്‍വാറില്‍ സംഘപരിവാര ആള്‍ക്കൂട്ടം തല്ലിക്കൊന്ന റഖ്ബര്‍ ഖാന്‍ കേസിന്റെ വിചാരണ രാജസ്ഥാന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി അടുത്ത ആഴ്ച പരിഗണിക്കും. റഖ്ബര്‍ ഖാന്റെ പിതാവ് നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി. കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസില്‍ മേല്‍നോട്ടം വഹിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ആല്‍വാറില്‍ നിന്നുള്ള ബിജെപി നിയമനിര്‍മാണ സഭാംഗം കേസ് അന്വേഷണത്തെ സ്വാധീനിക്കുന്നുണ്ടെന്നും റഖ്ബര്‍ ഖാന്റെ പിതാവ് ഹരജിയില്‍ ചൂണ്ടിക്കാട്ടി. 28കാരനായ റഖ്ബര്‍ ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്നുപേര്‍ക്കെതിരേ വെള്ളിയാഴ്ച പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.സംഭവം ആള്‍ക്കൂട്ട കൊലപാതകമല്ലെന്നാണ് പോലിസ് പറയുന്നത്. ജൂലൈ 20ന് നടന്ന സംഭവത്തിനു പിന്നില്‍ നാലു പേരാണുള്ളത്. മൂന്നുപേരെ സംഭവസ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഒരാളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സംഭവത്തെ കുറിച്ച് പോലിസിനു വിവരം നല്‍കിയ ഗോ രക്ഷാ പ്രവര്‍ത്തകന്‍ നവല്‍ കിഷോര്‍ അടക്കം രണ്ടുപേര്‍ക്കെതിരേയുള്ള അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പോലിസ് അറിയിച്ചു. റഖ്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കാന്‍ മൂന്നു മണിക്കൂറിലധികം കാലതാമസമുണ്ടാക്കിയ പോലിസ് നടപടി ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതു കൂടി പരിഗണിച്ചാണ് കേസിന്റെ വിചാരണ സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രിംകോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it