ആലുവ യുസി കോളജിന് സ്വയംഭരണപദവി; പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു

ആലുവ: ആലുവ യുസി കോളജിന് സ്വയംഭരണപദവി നല്‍കുന്നതിനെതിരേ കാംപസില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. സ്വയംഭരണപദവി നല്‍കുന്നതിന് മുന്നോടിയായി കോളജിന്റെ നിലവാരം വിലയിരുത്താനെത്തിയ സംഘത്തെ വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പെണ്‍കുട്ടികളടക്കം 60ഓളം പേരെ പോലിസ് അറസ്റ്റ് ചെയ്തു കളമശ്ശേരി എ ആര്‍ ക്യാംപിലേക്ക് മാറ്റി. വൈകിട്ടോടെ ഇവരെ വിട്ടയച്ചു.
ഇന്നലെ രാവിലെ എട്ട് മണിയോടെ യുജിസി ജോയിന്റ് സെക്രട്ടറി മജൂ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. വിദ്യാര്‍ഥികളുടെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധന നടത്താന്‍ സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കോളജില്‍ കയറിയത്. പോലിസ് അകമ്പടിയോടെ സംഘം എത്തിയതോടെ കാംപസിനകത്ത് പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ രംഗത്തെത്തി. തുടര്‍ന്ന് പോലിസ് ഇവരെ അറസ്റ്റ് ചെയ്തു മാറ്റി. ആലുവ ഡിവൈഎസ്പി റസ്റ്റം, സി ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. അതിനു ശേഷവും 25 വിദ്യാര്‍ഥികള്‍ കാംപസിനുള്ളില്‍ കുത്തിയിരുപ്പ് സമരം നടത്തി.
രാഷട്രീയ ഭേദമന്യേ സംയുക്ത വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തിലാണ് കോളജില്‍ സ്വയം ഭരണത്തിനെതിരേ സമരം നടക്കുന്നത്. സമരത്തിന് അധ്യാപക സംഘടനകളുടെയും പിന്തുണയുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് കോളജ് സന്ദര്‍ശിക്കാനെത്തിയ യുജിസി സംഘത്തെ വിദ്യാര്‍ഥികള്‍ തടഞ്ഞിരുന്നു. ആലുവ യുസി കോളജിന് സ്വയംഭരണപദവി നല്‍കുന്നതിനെതിരേ സമരവുമായി മുന്നോട്ടുപോവുമെന്നും ഇന്നും പരിശോധന തടയുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it