ernakulam local

ആലുവ മുന്നില്‍; ചുവടുപിടിച്ച്തൃപ്പൂണിത്തുറയും പറവൂരും

മൂവാറ്റുപുഴ: മൂന്നാറുകളുടെ സംഗമഭൂമിയില്‍ മുപ്പതാമത് റവന്യുജില്ലാ കലാമേളയ്ക്ക് തുടക്കം കുറിച്ചപ്പോള്‍ ആദ്യദിനം ഉപജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 52 പോയിന്റുമായി ആലുവ ഉപജില്ല ഒന്നാമതായി മുന്നേറുമ്പോള്‍ തൊട്ടുപിന്നില്‍ 50 പോയിന്റുമായി തൃപ്പൂണിത്തുറയുണ്ട്. നിലവിലെ ചാംപ്യന്‍മാരായ നോര്‍ത്ത് പറവൂരും ഒന്നാം ദിനം മോശമാക്കിയില്ല. 49 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള പറവൂര്‍ കിരീടം നിലനിര്‍ത്തുവാനുള്ള പോരാട്ടം ആരംഭിച്ചു. മട്ടാഞ്ചേരിയും (45), പിറവം (43) ഉപജില്ലകളാണ് തുടര്‍ സ്ഥാനങ്ങളില്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 27 പോയിന്റുള്ള ആലുവ ഒന്നാമതും 26 പോയിന്റുള്ള തൃപ്പൂണിത്തുറ രണ്ടാം സ്ഥാനത്തുമുണ്ട്. 18 പോയിന്റുള്ള പെരുമ്പാവൂര്‍ ഉപജില്ലയാണ് മൂന്നാമത്. 27 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള നോര്‍ത്തുപറവൂരാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുന്നില്‍. വൈപ്പിന്‍, മട്ടാഞ്ചേരി, ആലുവ ഉപജില്ലകള്‍ രണ്ടാം സ്ഥാനത്തും പിറവം ഈ വിഭാഗത്തില്‍ മൂന്നാമതും തുടരുന്നു. യുപി വിഭാഗത്തില്‍ മുന്നിലുള്ള തൃപ്പൂണിത്തുറയ്ക്ക് 20 പോയിന്റുണ്ട്. കോതമംഗലമാണ് (18) രണ്ടാമത്. 15 പോയിന്റുള്ള കൂത്താട്ടുകുളമാണ് മൂന്നാം സ്ഥാനത്ത്്. അറബിക് കലോല്‍സവത്തില്‍ യുപി വിഭാഗത്തില്‍ ആറു ഉപജില്ലകള്‍ക്ക് പത്തു പോയിന്റുകള്‍ വീതമുണ്ട്്. സംസ്—കൃതോല്‍സവത്തില്‍ ഉപജില്ലകള്‍ തമ്മില്‍ കടുത്ത മല്‍സരമാണ്. ഏഴു ഉപജില്ലകള്‍ക്ക് 20 പോയിന്റ് വീതമുണ്ട്. സ്‌കൂള്‍ ചാംപ്യന്‍ഷിപ്പില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 15 പോയിന്റ് വീതം നേടി പിറവം എംകെഎം ഹൈസ്—കൂളും ആലുവ നിര്‍മല ഇഎംഎച്ച്എസുമാണ് മുന്നില്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എടവനക്കാട് ഹിദായത്തുല്‍ ഇസ്—ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാം സ്ഥാനത്ത് (13). കലോല്‍സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകവും മിമിക്രയുമുള്‍പ്പെടെയുള്ള ജനപ്രിയ ഇനങ്ങള്‍ അരങ്ങിലെത്തും. വേദികള്‍ തമ്മിലുള്ള ദൂരം പരിഹരിക്കുവാന്‍ വാഹനസൗകര്യമുള്‍പ്പെടെയുള്ള രണ്ടാം ദിനത്തില്‍ ഏര്‍പ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it