ആലുവ മണപ്പുറത്ത് ജന സഹസ്രങ്ങള്‍ പിതൃതര്‍പ്പണം നടത്തി

ആലുവ: ആലുവ മണപ്പുറത്ത് ജന സഹസ്രങ്ങള്‍ പിതൃതര്‍പ്പണം നടത്തി. മഹാശിവരാത്രി ദിനമായിരുന്ന ഇന്നലെ പിതൃമോക്ഷപുണ്യം തേടി നാനാദിക്കുകളില്‍ നിന്നും എത്തിയ ഭക്തരാല്‍ മണപ്പുറവും നഗരവും നിറഞ്ഞുകവിഞ്ഞു. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ചേന്നാസ് മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടും മുഖ്യ കാര്‍മികത്വം വഹിച്ചു.
ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുക്കാനും ദീപാരാധന തൊഴാനുമായി സ്ത്രീകള്‍ അടക്കമുള്ളവരുടെ വന്‍ തിരക്കായിരുന്നു. വൈകുന്നേരമായപ്പോള്‍ വലിയ സംഘങ്ങളായി പലരും നഗരത്തിലും മണപ്പുറത്തും എത്തി. രാവിലെ മുതല്‍ ബലിതര്‍പ്പണം നടത്തിയിരുന്നു. ശിവപഞ്ചാക്ഷരീ മന്ത്രം മുഴങ്ങുന്ന മണപ്പുറത്ത് ഉറക്കമിളച്ച് ശിവരാത്രി രാവില്‍ ഭക്തര്‍ കഴിച്ചുകൂട്ടി. ശിവക്ഷേത്രത്തില്‍ രാത്രി 12ഓടെ നടന്ന ശിവരാത്രി വിളക്കോടെയാണ് പ്രധാന ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്.
കറുത്ത വാവായതിനാല്‍ നാളെ വരെ ബലിതര്‍പ്പണം തുടരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശിവരാത്രി ബലിതര്‍പ്പണം നടക്കാറുണ്ടെങ്കിലും ആലുവ മണപ്പുറത്തിനാണ് പ്രാധാന്യം. മണ്‍മറഞ്ഞ പൂര്‍വികര്‍ക്ക് മോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് പതിനായിരങ്ങള്‍ ബലിതര്‍പ്പണത്തില്‍ പങ്കാളികളായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ആലുവ നഗരസഭ എന്നിവയുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ശിവരാത്രി ആഘോഷങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നത്.
Next Story

RELATED STORIES

Share it