ആലുവ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

കൊച്ചി/ ആലുവ: ബാലനീതി നിയമത്തിന്റെ ഗുരുതരമായ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ആലുവ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. ജനസേവ ശിശുഭവന്റെ നടത്തിപ്പില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ശിശുക്ഷേമ സമിതി കഴിഞ്ഞ വര്‍ഷം അന്തേവാസികളായ കുട്ടികളെ ഇവിടെ നിന്നു മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.
ഇതരസംസ്ഥാനക്കാരായ കുട്ടികളെ സ്വദേശത്തേക്ക് അയക്കാനും സമിതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ ജനസേവ ശിശുഭവന്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളി. 2017 ഏപ്രില്‍ 19ന് എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജനസേവ ശിശുഭവനില്‍ പരിശോധന നടത്തിയതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 104 കുട്ടികള്‍ ഇവിടെയുള്ളതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 21ന് ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ ഇവിടെ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 42 കുട്ടികളെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. ബാക്കിയുള്ള 62 കുട്ടികള്‍ എവിടെ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ശിശുഭവന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നാലു കുട്ടികളെ തൃശൂരില്‍ ഭിക്ഷ യാചിക്കുന്ന നിലയില്‍ മെയ് 10ന് കണ്ടെത്തിയിരുന്നു. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഈ കുട്ടികളെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറി.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഈ കുട്ടികള്‍ ആലുവ ജനസേവ ശിശുഭവനില്‍ നിന്നു കാണാതായ 62 കുട്ടികളില്‍ പെട്ടവരാണെന്നു കണ്ടെത്തിയിരുന്നു. തമിഴ്‌നാട് അടക്കം ആറു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കൊണ്ടുവന്ന ജനസേവയില്‍ അനധികൃതമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു. ജനസേവ ശിശുഭവനില്‍ കുട്ടികളെ പാര്‍പ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നും ജനസേവ ശിശുഭവന്റെ കെട്ടിടങ്ങളും അന്തേവാസികളായ കുട്ടികളും ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് മടക്കി അയക്കുന്നതു വരെ കുട്ടികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനുള്ള നടപടികള്‍ ജില്ലാ കലക്ടര്‍ സ്വീകരിക്കണം. ഇതു കൂടാതെ കുട്ടികളുടെ സംരക്ഷണത്തിനാവശ്യമായ ജീവനക്കാരെ നിയമിക്കണം. എല്ലാ ആഴ്ചയിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ക്കും ജില്ലാ കലക്ടര്‍ റിപോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഏറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി റവന്യൂ വകുപ്പ് അധികൃതര്‍ ഇന്നലെ ജസസേവ ശിശുഭവനില്‍ എത്തിയെങ്കിലും ഇതിനെതിരേ പ്രതിഷേധവുമായി അന്തേവാസികളായ കുട്ടികള്‍ രംഗത്തുവന്നതോടെ നടപടികള്‍ തടസ്സപ്പെട്ടു. നിലവിലെ ജീവനക്കാരെ മാറ്റി സാമൂഹികക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മേല്‍നേട്ട ചുമതല നല്‍കുന്ന നടപടിയേയാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള അന്തേവാസികള്‍ പ്രധാനമായും എതിര്‍ക്കുന്നത്. തുടര്‍ന്ന്, കുട്ടികളുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയതോടെയാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. കലക്ടറുടെ നിര്‍ദേശപ്രകാരം വടക്കന്‍ പറവൂര്‍ തഹസില്‍ദാര്‍ ഹരീഷിന്റെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടപടികള്‍ നടത്തിയത്.
Next Story

RELATED STORIES

Share it