ernakulam local

ആലുവയില്‍ രണ്ട് വനിതകള്‍ക്ക് നേരെ അതിക്രമം

ആലുവ: മാല പൊട്ടിക്കുവാനുള്ള ശ്രമത്തിനിടെ മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് നഗരസഭാ ശുചീകരണ തൊഴിലാളിയായ 57 കാരി ആശുപത്രിയിലായി.
ആലുവ നഗരസഭ ശുചീകരണ തൊഴിലാളിയായ ആലുവ ചെമ്പകശ്ശേരി കൃഷ്ണതീര്‍ത്ഥത്തില്‍ പരേതനായ വേണുവിന്റെ ഭാര്യ മണിക്കാണ് പരിക്കേറ്റത്. വലതുകൈ ഒടിയുകയും ഇടതുകൈക്ക് പൊട്ടലും തലയില്‍ ആഴത്തിലുള്ള മുറിവും ഏറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 7 മണിയോടെ ആലുവ എസ്എന്‍ഡിപി സ്‌കൂളിനു സമീപത്തെ റെയില്‍വേ നടപ്പാലത്തില്‍ വച്ചാണ് മണിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കാന്‍ യുവാവ് ശ്രമിച്ചത്. മാലയില്‍ പിടികൂടിയതോടെ മണി യുവാവിനേയും കയറിപ്പിടിച്ചു. പിടിവലിക്കിടെ മോഷ്ടാവ് മണിയെ തള്ളിയിട്ടു. 15 അടി താഴേക്ക് ചവിട്ടുപടിയിലൂടെ ഉരുണ്ടുവീണ മണിയെ നാട്ടുകാരാണ് ആലുവ ലക്ഷ്മി ആശുപത്രിയില്‍ എത്തിച്ചത്.
സംഭവം അറിഞ്ഞ് ആലുവ എസ്‌ഐ ഹണി കെ ദാസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ മുതല്‍ നഗരത്തില്‍ ശുചീകരണം നടത്തുന്ന ജീവനക്കാര്‍ക്കു നേരെ അക്രമം നടന്നത് ജീവനക്കാര്‍ക്കിടയില്‍ ആശങ്ക ജനിപ്പിച്ചിരിക്കയാണ്. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ശുചീകരണം നടത്തുന്ന സ്ത്രീകള്‍ പൊതുവേ ആശങ്കാകുലരാണ്. മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് ശുചീകരണ തൊഴിലാളികള്‍ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു.
ആലുവ ബാങ്ക് കവലയിലെ പാര്‍ക്ക് അവന്യൂ ബില്‍ഡിങ്ങില്‍ ഇന്നലെ ഉച്ചയ്ക്ക് 3.30 മണിയോടെ വാഴക്കുളം പട്ടേത്ത്മുളം വീട്ടില്‍ മഞ്ജു (22)വാണ് ആക്രമിക്കപ്പെട്ടത്. ഈ ബില്‍ഡിങ്ങിലെ, റീജന്റ് ടെക്‌സ്റ്റൈല്‍സിലെ സെയില്‍സ് ഗേളായ യുവതി മൂത്രപ്പുരയില്‍ കയറിയ സമയത്തായിരുന്നു അക്രമം.
ഭിക്ഷക്കാരനെന്ന മട്ടില്‍ ഈ കെട്ടിടത്തിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന ആളാണ് മൂത്രപ്പുരയില്‍ കയറി യുവതിയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം കഴുത്തില്‍ പിടിച്ച് ശ്വാസംമുട്ടിച്ച ശേഷം കഴുത്തില്‍ കിടന്ന 5 പവനോളം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തത്.
ഈ സമയം പ്രാണരക്ഷാര്‍ത്ഥം യുവതി ഇയാളുടെ കണ്ണില്‍ കൈകൊണ്ട് കുത്തിയതോടെയാണ് ഇയാള്‍ കഴുത്തില്‍ നിന്നും പിടിവിട്ടത്.
ഇതോടെ ബഹളം വച്ച യുവതിയുടെ ശബ്ദം കേട്ടാണ് സമീപത്തെ കടക്കാരെത്തി മൂത്രപ്പുരയുടെ വാതില്‍ ചവിട്ടിത്തുറന്നത്. ആളുകളെ കണ്ടതോടെ മോഷ്ടാവ് യുവതിയുടെ കഴുത്തില്‍ നിന്നും പറിച്ചെടുത്ത മാല ക്ലോസെറ്റിലേക്കെറിയുകയായിരുന്നു. നാട്ടുകാരെത്തിയപ്പോഴേക്കും യുവതി അവശതയിലായിരുന്നു. മൂന്നു മാസം ഗര്‍ഭിണിയായ യുവതിയെ പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയിലാക്കി.
അക്രമിയില്‍ നിന്നും വാക്കത്തി, ബ്ലേഡുകള്‍, മുളകുപൊടി എന്നിവ പൊലിസ് കണ്ടെത്തി. പൊലിസെത്തി നടത്തിയ പരിശോധനയില്‍ ഇയാള്‍ യുവതിയില്‍ നിന്നും കവര്‍ന്ന മാല 3 കഷ്ണങ്ങളാക്കിയ നിലയില്‍ ക്ലോസെറ്റില്‍ നിന്നും കണ്ടെടുത്തു.
കേസില്‍ ആലുവ ഇടയപ്പുറം സ്വദേശി സുനിലിനെ (42) പൊലിസ് അറസ്റ്റുചെയ്ത് കേസെടുത്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it