Flash News

ആലിംഗന വിവാദം ഒത്തുതീര്‍പ്പാവുന്നു: സ്‌പെന്‍ഡ് ചെയ്ത രണ്ട് വിദ്യാര്‍ഥികളെയും പരീക്ഷയ്ക്ക് ഇരുത്താന്‍ മാനേജ്‌മെന്റിന്റെ അനുവാദം

ആലിംഗന വിവാദം ഒത്തുതീര്‍പ്പാവുന്നു: സ്‌പെന്‍ഡ് ചെയ്ത രണ്ട് വിദ്യാര്‍ഥികളെയും പരീക്ഷയ്ക്ക് ഇരുത്താന്‍ മാനേജ്‌മെന്റിന്റെ അനുവാദം
X
തിരുവനന്തപുരം: മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പാവുന്നു. സസ്‌പെന്‍ഡ് ചെയ്ത രണ്ട് വിദ്യാര്‍ഥികളെയും പരീക്ഷയ്ക്ക് ഇരുത്താന്‍ മാനേജ്‌മെന്റ് അനുവാദം നല്‍കി. അതേസമയം, സ്‌കൂളിനെതിരേ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്ന ഉപാധിയാണ് മാനേജ്‌മെന്റ് മുന്നോട്ടുവച്ചിട്ടുള്ളത്. വിഷയങ്ങള്‍ ജനുവരി മൂന്നിനകം തീര്‍ക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി.


തിരുവനന്തപുരത്ത് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. രണ്ട് കുട്ടികള്‍ക്കും പരീക്ഷ എഴുതുന്നതിനു തടസ്സമൊന്നുമില്ലെങ്കിലും ആണ്‍കുട്ടിയുടെ ടിസിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. ആണ്‍കുട്ടിക്ക് ഏകദേശം 60 ദിവസത്തെ ഹാജര്‍ നഷ്ടമായിട്ടുണ്ട്.  ഇത് അച്ചടക്ക നടപടി സ്വീകരിച്ചത് മൂലം സംഭവിച്ചതാണെന്ന് കാട്ടി സിബിഎസ്ഇയെ സമീപിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. കൂടാതെ ആണ്‍കുട്ടിക്കെതിരേ ഹൈക്കോടതിയില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാനും വേണ്ടത് ചെയ്യാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

ഈ വിഷയത്തെ എല്ലാവരും നല്ല മനസ്സോടെ സമീപിച്ചതില്‍ സന്തോഷിക്കുന്നുവെന്നും ഇരുകൂട്ടര്‍ക്കും വിജയമാണ് ഉണ്ടാകുന്നതെന്നും തരൂര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. സ്‌കൂളിന് അതിന്റെ സല്‍പേര് തിരിച്ചുകിട്ടാനും കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസ ഭാവി തിരിച്ചുകിട്ടാനും ഇന്നത്തെ ചര്‍ച്ച ഉപകരിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. കോടതി നടപടികളുമായി മുന്നോട്ടു പോകരുതെന്ന് കുട്ടികളുടെ രക്ഷിതാക്കളോട് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മൂന്നിന് നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ ഒത്തുതീര്‍പ്പാകും.

കഴിഞ്ഞ ജൂലായ് 21നാണ് സംഭവം. സ്‌കൂളില്‍ നടന്ന പാശ്ചാത്യ സംഗീത മല്‍സരത്തില്‍ പെണ്‍കുട്ടി വിജയിച്ചെന്നറിഞ്ഞ് സുഹൃത്തായ പ്ലസ്ടു ിദ്യാര്‍ഥി ഓടിവന്ന് ആലിംഗനം ചെയ്തത് കണ്ട വൈസ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയും അമ്മയും നീതി തേടി ബാലാവകാശ കമ്മിഷനെ സമീപിച്ചു. ഇവരെ സ്‌കൂളില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷന്‍ അദ്ധ്യക്ഷ ശോഭാ കോശി ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ഇതുമായി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി വിധി കുട്ടികള്‍ക്ക് എതിരായിരുന്നു.
Next Story

RELATED STORIES

Share it