ernakulam local

ആലപ്പുഴ പാസഞ്ചര്‍ കുമ്പളത്ത് പിടിച്ചിട്ടു; യാത്രക്കാര്‍ പ്രതിഷേധിച്ചു

കൊച്ചി: ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ അരമണിക്കൂറോളം കുമ്പളം റെയില്‍ സ്റ്റേഷനില്‍ പിടിച്ചിടുമെന്ന അനൗണ്‍സ്‌മെന്റിനെ തുടര്‍ന്ന് ക്ഷുഭിതരായ യാത്രക്കാര്‍ ട്രെയിനില്‍ നിന്നും ഇറങ്ങി സ്റ്റേഷന്‍മാസ്റ്ററുടെ മുറിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെ 8.15 നാണ് സംഭവം. 8.10 നു എറണാകുളം സൗത്ത് സ്റ്റേഷന്‍ വിട്ട ട്രെയിന്‍ 8.15 കുമ്പളത്തെത്തിയപ്പോഴാണ് ഇനി 8.45 നെ പുറപ്പെടുന്ന എന്ന അനൗണ്‍സ്‌മെന്റ് ഉണ്ടായത്. കുറെ ദിവസങ്ങളായി ആലപ്പുഴ പാസഞ്ചര്‍ കുമ്പളത്ത് കൊണ്ടുവന്ന് അരമണിക്കൂറിലധികം ഇടുക പതിവാണെന്ന് യാത്രക്കാര്‍ പറയുന്നു. മാത്രമല്ല സാധാരണ 7.45 നു സൗത്ത് സ്റ്റേഷനില്‍ നിന്നും വിടേണ്ട ട്രെയിന്‍ ഇപ്പോള്‍ പലപ്പോഴും വിടുന്നത് വൈകി എട്ടിന് ശേഷമാണത്രേ. ഇതിനിടെ ക്രോസിങ്ങിനായി കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം എന്നീ സ്റ്റേഷനില്‍ ഏറെ നേരം പിടിച്ചിടുകയും ചെയ്യും. ഇതുമൂലം രാവിലെ  9.15 നു ആലപ്പുഴയിലെത്തേണ്ട ട്രെയിന്‍ ഇപ്പോള്‍ പലപ്പോഴും പത്തുമണിക്ക് ശേഷമാണ് എത്തുന്നത്. ഇതേതുടര്‍ന്ന് എറണാകുളത്ത് നിന്നും ചേര്‍ത്തലയില്‍ നിന്നുമൊക്കെ ഈ ട്രെയിനില്‍ ആലപ്പുഴയിലേക്ക് ജോലിക്കു പോവുന്നവരും പഠിക്കാനായി പോവുന്ന വിദ്യാര്‍ഥികളും സമയത്തിനു സ്ഥലത്തെത്താന്‍ കഴിയാതെ ഏറെ നാളായി ദുരിതത്തിലാണെന്ന് യാത്രക്കാര്‍ പറയുന്നു. യാത്രക്കാര്‍ ഏരിയാ മാനേജര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it