Alappuzha local

ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ 13.81 കോടി ചെലവഴിച്ചു; 153 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു

ആലപ്പുഴ: എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍മാണ പുരോഗതി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ എല്ലാ മാസവും വിലയിരുത്തുമെന്ന് കെസി വേണുഗോപാല്‍ എംപി പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ എംപി ഫണ്ട് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരെയും കരാറുകാരുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് എല്ലാ മാസവും യോഗം ചേരുക. പുരോഗതിയും തടസങ്ങളും വിലയിരുത്തും. പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ജില്ലാ പ്ലാനിങ് ഓഫീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നടക്കുന്ന പദ്ധതികള്‍ യോഗത്തില്‍ അവലോകനം ചെയ്തു. മണ്ഡലത്തില്‍ 2014-15 മുതല്‍ ഇതുവരെ 13.81 കോടി രൂപയാണ് എംപി ഫണ്ടില്‍നിന്ന് ചെലവഴിച്ചത്. 12.16 കോടി രൂപയുടെ 153 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 9.13 കോടി രൂപയുടെ 74 പദ്ധതികള്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. പട്ടികജാതി വിഭാഗമേഖലയില്‍ 18 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. രണ്ടു കോടി രൂപ ചെലവഴിച്ചു. പട്ടികവര്‍ഗ മേഖലയില്‍ 23.87 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതികള്‍ക്കായി 2.57 ലക്ഷം രൂപയും ചെലവഴിച്ചു.നീതി ആയോഗിന്റെ ദര്‍പ്പണ്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍(യു.ഐ.ഡി.) കരസ്ഥമാക്കാത്ത ട്രസ്റ്റ്/സൊസൈറ്റി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ 15 ദിവസത്തിനകം നമ്പര്‍ നേടിയില്ലെങ്കില്‍ അവര്‍ക്ക് അനുവദിച്ച പദ്ധതികള്‍ പിന്‍വലിക്കാന്‍ എംപി നിര്‍ദേശം നല്‍കി. യുഐഡി നമ്പര്‍ ലഭ്യമാക്കാത്തതിനാല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. ഇതു സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ജില്ലാ പ്ലാനിങ് ഓഫീസറെ ചുമതലപ്പെടുത്തി.എഡിഎം ഐ അബ്ദുള്‍ സലാം, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെഎസ് ലതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it