Alappuzha local

ആലപ്പുഴ ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട; അഞ്ചു പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ പൂപ്പള്ളി, മങ്കൊമ്പ്,  കിടങ്ങറ എന്നിവടങ്ങളില്‍ നടത്തിയ അന്വേഷണത്തിലും വാഹന പരിശോധനയിലും കഞ്ചാവു കടത്തുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലായി അഞ്ച് പേരെ അറസ്റ്റുചെയ്തു.   കിടങ്ങറ പാലത്തിനു കിഴക്കുവശം വച്ചാണ് ഇന്നോവ കാറില്‍ കടത്തിയ 2 കിലോ 100 ഗ്രാം കഞ്ചാവ്  കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്  ചങ്ങനാശ്ശേരി താലൂക്കില്‍ പെരുന്ന ഒളശപുരയിടം വീട്ടില്‍  നിബിന്‍(30) ചങ്ങനാശ്ശേരി പെരുന്ന ഫാത്തിമാപുരം മലയില്‍ പുതുപറമ്പില്‍  കിഷോര്‍ (24)  എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ ചങ്ങനാശ്ശേരി സ്വദേശിയില്‍ നിന്നും  ദിവസവാടകയ്ക്ക് വാഹനം എടുത്ത് തമിഴ്‌നാട്ടിലെ കമ്പത്തുനിന്നും എത്തിച്ചതാണ് കഞ്ചാവ് . അലപ്പുഴ ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ചങ്ങനാശ്ശേരിയിലുമായി മൊത്തമായി വിതരണത്തിന് എത്തിച്ച കഞ്ചാവാണിത്. ഇതില്‍ കിഷോറിന്റെ പേരില്‍ ചങ്ങനാശേരി പോലിസിലും ചങ്ങനാശ്ശേരി എക്‌സൈസിലും കഞ്ചാവ് കേസുകള്‍ നിലവിലുള്ളതും ഒരു കേസില്‍ ഒളിവില്‍ കഴിഞ്ഞു വരികയുമായിരുന്നു.  നിബിന്റെ പേരില്‍ ചങ്ങനാശേരി പോലീസില്‍ ക്രിമിനല്‍ കേസുകളും നിലവിലുള്ളതാണ്.  കാറിന്റെ മുന്‍ഭാഗത്തുള്ള വാതിലുകളില്‍ രഹസ്യമായി ക്രമീകരിച്ചിരുന്ന അറകളില്‍ പൊതികളായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.   ഓട്ടോറിക്ഷയില്‍ കഞ്ചാവ് ചെറിയ പൊതികളാക്കി കടത്തിയതിനു  ഡ്രൈവര്‍ ചങ്ങനാശ്ശേരി, തൃകൊടിത്താനം  പുതുപറമ്പില്‍ കരൂണാകരന്‍  മകന്‍ രാജീവിനെ ( 34)നെ  കുട്ടനാട്  മങ്കൊമ്പ് വച്ച് അറസ്റ്റ് ചെയ്യുകയും 20 പൊതി കഞ്ചാവും വാഹനവും പിടിച്ചെടുക്കുകയും ചെയ്തു.  ഇയാളില്‍നിന്നും  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  ബൈക്കില്‍ കഞ്ചാവുമായി എത്തിയ   ചങ്ങാനാശ്ശേരി  ഫാത്തിമാപുരം  പുതുപറമ്പില്‍   ജഅ്ഫര്‍ നസീര്‍ (25),  ചങ്ങന്നാശ്ശേരി തൃകൊടിത്താനം റൗഫ് മന്‍സിലില്‍ മുഹമ്മദ് റമീസ് (28) എന്നിവരെ  110 ഗ്രാം കഞ്ചാവുമായി അറസ്റ്റുചെയ്തു. ഇതെതുടര്‍ന്നാണു  കാറിനകത്ത് കമ്പത്തുനിന്നും സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന കിഷോറിനെ കുറിച്ചും നിബിനെ കുറിച്ചും വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്ന്  കിടങ്ങറയില്‍ വച്ച് ഇവരേയും അറസ്റ്റ് ചെയ്തു. പ്രതികളെ  ആലപ്പുഴ ജില്ലാകോടതി,  രാമങ്കരി കോടാതി എന്നിവടങ്ങളില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.   ബസിലും ട്രയിനിലും പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ കൂടുതലായും  ആഡംബരക്കാറുകളിലാണു കഞ്ചാവ് കടത്തുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ മാത്രം പിടികൂടുന്ന മൂന്നാമത്തെ ആഡംബര കാറാണിത്.  ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍രായ  എന്‍ ബാബു,  പി എം സുമേഷ്, കുഞ്ഞുമോന്‍,  എം കെ.സജിമോന്‍,  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം റെനി, ഓംകാര്‍നാഥ്, അനിലാല്‍, അരുണ്‍, രവികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it