Alappuzha local

ചെട്ടിക്കുളങ്ങര കുംഭഭരണി; ഇന്ന് പ്രാദേശിക അവധി

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്.കെട്ടു കാഴ്ചകളും, കുത്തിയോട്ടവും കൊണ്ട് സമ്പന്നമായ ഭരണി മഹോല്‍സവത്തിന് ആഥിത്യം അരുളാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഓണാട്ടുകര. വിപുലമായ ക്രമീകരങ്ങള്‍ ആണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ശിവരാത്രി ദിനം മുതല്‍ കുത്തിയോട്ടത്തിന്റെ പാട്ടുകളും, ചുവടുകളും കൊണ്ട് സമ്പന്നമാണ് ചെട്ടികുളങ്ങര. അഭീഷ്ടസിദ്ധിക്കും, സര്‍വ്വൈശ്ര്യത്തിനുമായി ദേവിയുടെ ഇഷ്ടവഴിപാട് കുത്തിയോട്ടം. ഇത്തവണ പന്ത്രണ്ടു കുത്തിയോട്ട വഴിപാടുകള്‍ ആണ് ഉള്ളത്. പരമ്പരാഗത ചിട്ടവട്ടങ്ങളോടെയാണ് ചടങ്ങുകള്‍. ഭരണി നാളില്‍ രാവിലെ ഘോഷയാത്രയായി കുത്തിയോട്ട സംഘങ്ങള്‍ ദേവിയ്ക്ക് മുന്നില്‍ എത്തും.വൈകിട്ടാണ് പ്രസിദ്ധമായ കെട്ടുകാഴ്ച. പതിമൂന്നു കരകളില്‍ നിന്നുള്ള അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ദേവിക്ക് മുന്നില്‍ അണിനിരക്കും.
നാടിന്റെ നാനഭാഗങ്ങളില്‍ നിന്നും പതിനായിരങ്ങളാവും ഈ ദൃശ്യ വിസ്മയം കാണാന്‍ എത്തുക. ഭക്തിയും കലയും സംസ്‌കാരവും ഇഴചേര്‍ന്ന ആഘോഷത്തിനായി കാത്തിരിക്കുകയാണ് ഓണാട്ടുകര. കുംഭ ഭരണിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.അതേ സമയം കുംഭഭരണി മഹോല്‍സവം പ്രമാണിച്ച് ഇന്ന് മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകലക്ടര്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു. എന്നാല്‍ പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it