ആലപ്പുഴ, കൊല്ലം ബൈപാസ്സമയബന്ധിതമായി പൂര്‍ത്തീകരിക്കും: മന്ത്രി

തിരുവനന്തപുരം: ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. പണി പൂര്‍ത്തിയാക്കാന്‍ കരാര്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ബൈപാസുകളുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന കാരാറുകാര്‍ക്ക് യഥാക്രമം 10 കോടി രൂപയും 5 കോടി രൂപയും നല്‍കി ഉത്തരവായതായും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കാത്തതുകൊണ്ടാണ് പ്രവൃത്തി പുരോഗമിക്കാത്തതെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. ബില്ലുകള്‍ മാറി കിട്ടുന്നതിന് താമസം ഉള്ളതായി കൊല്ലം, ആലപ്പുഴ ബൈപാസുകളുടെ കരാറുകാര്‍ ആരും തന്നെ രേഖാമൂലം സംസ്ഥാന സര്‍ക്കാരില്‍ പരാതിപ്പെട്ടിട്ടില്ല. ആലപ്പുഴ ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം പലതവണ പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയിരുന്നു. കരാര്‍ ഏറ്റെടുത്തിട്ടുള്ള കമ്പനിയുടെ സാമ്പത്തിക പരാധീനതയാണ് പ്രവൃത്തികള്‍ ഇഴഞ്ഞ് നീങ്ങാന്‍ കാരണമെന്ന് ആക്ഷേപം ഉണ്ടായിരുന്നു. 2017 ആദ്യം തന്നെ കെ സി വേണുഗോപാല്‍ എംപിയുടെ സാന്നിധ്യത്തില്‍ കൂടിയ അവലോകന യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. മുന്‍ നിശ്ചയിച്ച പ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന കരാര്‍ കമ്പനി ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോഴും ആലപ്പുഴ ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് അടിയന്തരമായി തന്നെ സര്‍ക്കാര്‍ തലത്തില്‍ അവലോകനം നടത്തുമെന്ന് മന്ത്രി അറിയിച്ചു. പണം മുന്‍കൂറായി ചെലവഴിക്കുവാന്‍ കഴിയാത്ത കരാറുകാര്‍, സര്‍ക്കാര്‍ പണം നല്‍കുന്നില്ലെ—ന്ന തെറ്റായ പ്രചാരണം നടത്തി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it