Alappuzha local

ആലപ്പുഴ എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു; ജില്ലയില്‍ പരിശോധന വ്യാപകമാക്കി

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് വ്യാജ മദ്യദുരന്തമുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയില്‍ എക്‌സൈസ് വകുപ്പ് പ്രവര്‍ത്തനം വ്യാപകമാക്കി. ദിവസവും 15 ടീമുകളാണ് പരിശോധനകള്‍ നടത്തുന്നത്. ഇതിനായി ആലപ്പുഴ എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേത്യത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. കുത്തിയതോട്, ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, നൂറനാട്, കായംകുളം, കാര്‍ത്തികപ്പള്ളി റേഞ്ച് ഓഫിസുകള്‍ മൊബൈല്‍ പെട്രോള്‍ യൂനിറ്റായും പ്രവര്‍ത്തിക്കും. ജില്ലാ പോലീസ് സുപ്രണ്ടിന്റെ പ്രത്യേക നിര്‍ദേശത്താല്‍ പോലിസും എക്‌സൈസും ചേര്‍ന്ന് ഇന്നലെ 14 സംയുക്ത റെയ്ഡുകള്‍ നടത്തി. 43 കള്ള് ഷാപ്പുകളില്‍ പരിശോധന നടത്തി. 600 ല്‍പ്പരം വാഹനങ്ങള്‍ പരിശോധിച്ചു. ജില്ലയിലേക്ക് കള്ളുമായി വരുന്ന വാഹനങ്ങള്‍ തുടര്‍ച്ചയായി പരിശോധിക്കുന്നുണ്ട്.
മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട 11 പേരെ ഈ മാസം ഇതു വരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മദ്യമുണ്ടാക്കാനുളള കോട കലക്കി സൂക്ഷിച്ചതിന് എട്ടു പേര്‍ക്കെതിരേ കേസെടുത്തു. 2520 ലിറ്റര്‍ കോട കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കി. വിപണിയില്‍ കുപ്പിക്ക് 1200 രൂപ വരെ വിലയുളള 55 ലിറ്റര്‍ ചാരായം പിടികൂടി ആറു പേരെ അറസ്റ്റ് ചെയ്തു. സ്പിരിറ്റും നിറവും ചേര്‍ത്ത് നിര്‍മിച്ച 34 ലിറ്റര്‍ വ്യാജമദ്യവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു.
കെഎസ്ബിസിയില്‍ നിന്നും വാങ്ങുന്ന മദ്യം വിറ്റതിനും പൊതു സ്ഥലത്ത് മദ്യപിച്ചതിനും അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും 121 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. മദ്യത്തിനു പകരമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 216 ലിറ്റര്‍ അരിഷ്ടം പിടിച്ചെടുത്ത് നാലു പേരെ അറസ്റ്റ് ചെയ്തു. കള്ള് ഷാപ്പുകള്‍, അരിഷ്ട വില്‍പ്പന ശാലകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ബാറുകള്‍, കെഎസ്ബിസി ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ പരിശോധനകള്‍ ശക്തമാക്കി. 228 കള്ള് സാമ്പിളുകള്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ ലാബിലേക്ക് അയച്ചു.
ജില്ലയിലെ ഓരോ ദിവസത്തെയും മദ്യ ഉപഭോഗം, മദ്യത്തിന്റെ വരവ്, എന്‍ഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മദ്യത്തിന്റെ വിവരങ്ങള്‍ എന്നിവ ഇലക്ഷന്‍ കമ്മീഷനെ ഇ മെയിലായി അറിയിച്ച് വരുന്നൂ. ജില്ലാ കലക്ടര്‍, ഇലക്ഷന്‍ ഒബ്‌സര്‍വര്‍മാര്‍, ജില്ലാ പോലിസ് സൂപ്രണ്ട്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ കാര്യങ്ങള്‍ നിരീക്ഷിച്ചുവരുന്നു.
അനധികൃത മദ്യ ഉല്‍പ്പാദന വിപണന കേന്ദ്രങ്ങളില്‍ നിന്നും മദ്യം ഉപയോഗിക്കാതിരിക്കാനും വഴിയരികിലും മറ്റും ഉപേക്ഷക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന മദ്യം ഉപയോഗിക്കരുതെന്നും മദ്യ ഉല്‍പ്പാദനം, വിപണനം ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ എക്‌സൈസ്, പോലിസ്, കലക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂം, എക്‌സൈസ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ അറിയിക്കണമെന്നും ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ അബ്ദുല്‍ കലാം അറിയിച്ചു.
Next Story

RELATED STORIES

Share it