ആലപ്പുഴ: ഇടതിന് മേല്‍ക്കൈഅടിയൊഴുക്കുകളില്‍ നോട്ടമിട്ട് എന്‍ഡിഎ

ആലപ്പുഴ: ഇടതിന് മേല്‍ക്കൈഅടിയൊഴുക്കുകളില്‍ നോട്ടമിട്ട് എന്‍ഡിഎ
X
alappuzha copy

എന്‍ എ ഷിഹാബ്

ആലപ്പുഴ: ജില്ലയില്‍ ഇടതുകാറ്റ് വീശിയാല്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിഭാഗവും എല്‍ഡിഎഫിന് ലഭിക്കും. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ മണ്ഡലങ്ങളില്‍ 2011ലെ ഫലം ആവര്‍ത്തിക്കാന്‍ സാധ്യതയേറി. നിലവില്‍ എല്‍ഡിഎഫിന് ഏഴ് എംഎല്‍എമാരുണ്ട്. രമേശ് ചെന്നിത്തല മല്‍സരിക്കുന്ന ഹരിപ്പാട് മണ്ഡലം മാത്രമെ യുഡിഎഫ് ക്യാംപില്‍ ആശ്വാസം പകരുന്നുള്ളൂ. മറ്റൊരു യുഡിഎഫ് മണ്ഡലമായ ചെങ്ങന്നൂരില്‍ ചതുഷ്‌കോണ മല്‍സരത്തിനാണ് വേദിയാവുന്നത്. ഇവിടെ എല്‍ഡിഎഫിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കായംകുളം, അമ്പലപ്പുഴ, മാവേലിക്കര, കുട്ടനാട് മണ്ഡലങ്ങളില്‍ ഫലം പ്രവചനാതീതമാണ്.
കുട്ടനാട്ടില്‍ രണ്ടു ഘട്ടങ്ങളിലായി യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഭാഗത്തു നിന്ന് ജയിച്ച തോമസ് ചാണ്ടി ഇക്കുറി വിയര്‍ക്കുന്ന കാഴ്ച വ്യക്തമാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ജേക്കബ് എബ്രഹാമാകട്ടെ തികഞ്ഞ വിജയപ്രതീക്ഷ പുലര്‍ത്തുന്നു. ഹരിപ്പാട്ട് ബിജെപി സ്ഥാനാര്‍ഥി ഡി അശ്വനിദേവ് പ്രചാരണത്തില്‍ ഏറെ മുന്നേറിയത് ചെന്നിത്തലയുടെ വിജയസാധ്യത ചോദ്യം ചെയ്യുകയാണ്. ഇത് ബിഡിജെഎസുമായി രഹസ്യനീക്കങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും നായര്‍ വോട്ടുകള്‍ ഏറെയുള്ള ചെങ്ങന്നൂരിലോ ബിഡിജെഎസ് സ്ഥാനാര്‍ഥി മല്‍സരിക്കുന്ന കുട്ടനാട്ടിലോ എന്‍ഡിഎയുമായി ബന്ധമുണ്ടാക്കുന്നതിന് ഇടവരുത്തുമെന്നും കരുതുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നതും ഹരിപ്പാട്ടാണ്.
ബിഡിജെഎസ്- ബിജെപി സ്ഥാനാര്‍ഥികളുടെ പ്രകടനം ജില്ലയില്‍ തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാനിടയുണ്ട്. അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരന്റെ വോട്ടുകളിലുണ്ടാവുന്ന ഇടിവ് ബിജെപി സ്ഥാനാര്‍ഥി എല്‍ പി ജയചന്ദ്രന് തുണയാവും. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി യുഡിഎഫ് സ്ഥാനാര്‍ഥി ഷേക്ക് പി ഹാരിസ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.
കായംകുളത്ത് യുവരക്തങ്ങളുടെ പോരാട്ടമാണ്. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കുന്ന കെപിസിസി സെക്രട്ടറി എം ലിജുവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരിയും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. എന്‍ഡിഎ, പിഡിപി ഉള്‍പ്പെടെ ചെറുകക്ഷികള്‍ പിടിക്കുന്ന വോട്ട് നിര്‍ണായകമാവും. പ്രമുഖ വിഎസ് പക്ഷക്കാരനായ സിറ്റിങ് എംഎല്‍എ സി കെ സദാശിവന് സീറ്റ് നിഷേധിച്ചതിന്റെ അലയൊലി ജില്ലയിലാകെയുണ്ടാവും. ഇവര്‍ എന്‍ഡിഎയെ തുണയ്ക്കുമോയെന്നതും കാത്തിരുന്ന് കാണേണ്ടിവരും. തുഷ്‌കോണ മല്‍സരം നടക്കുന്ന ചെങ്ങന്നൂരില്‍ യുഡിഎഫ് വിമത ശോഭനാ ജോര്‍ജ് പിടിക്കുന്ന വോട്ടുകള്‍ പി സി വിഷ്ണുനാഥിന് വിനയാവും. മണ്ഡലത്തിലെ ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ പി സി വിഷ്ണുനാഥില്‍ ഏകീകരിക്കാന്‍ ഉമ്മന്‍ചാണ്ടി ഏറെ സമയം ചെലവഴിച്ചിരുന്നു. എന്‍എസ്എസ് വോട്ടുകള്‍ എവിടെ കേന്ദ്രീകരിക്കുമെന്നതും വ്യക്തമല്ല. ഇവ ശ്രീധരന്‍പിള്ളയ്ക്ക് ലഭിക്കുമെന്നും അട്ടിമറി വിജയം നേടാനാവുമെന്ന പ്രതീക്ഷയിലുമാണ് ബിജെപി.
നിലവില്‍ ഒമ്പതില്‍ എട്ടിടത്തും സിറ്റിങ് എംഎല്‍എമാരാണ് ജനവിധി തേടുന്നത്. പതിറ്റാണ്ടുകളായി മണ്ഡലം കൈയടക്കിവച്ചിരിക്കുന്ന ഡോ. തോമസ് ഐസക് (15), ജി സുധാകരന്‍ (15), പി തിലോത്തമന്‍ (10), എ എം ആരിഫ് (10), തോമസ് ചാണ്ടി (10) എന്നിവരുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടിയാവും തിരഞ്ഞെടുപ്പ് ഫലം.
അമ്പലപ്പുഴ, ആലപ്പുഴ, ഹരിപ്പാട്, അരൂര്‍ മണ്ഡങ്ങളില്‍ എസ്ഡിപിഐ- എസ്പി സഖ്യ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം മുന്നേറിയിട്ടുണ്ട്. ഹരിപ്പാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പിടിക്കുന്ന വോട്ടുകള്‍ വിധി നിര്‍ണയിക്കും.
Next Story

RELATED STORIES

Share it