ആലപ്പുഴയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഗുജറാത്തി ഭാഷയിലും

എന്‍ എ ഷിഹാബ്

ആലപ്പുഴ: ആലപ്പുഴ നഗരസഭാ തിരഞ്ഞെടുപ്പു പ്രചാരണം ഗുജറാത്തി ഭാഷയിലും തകൃതി. ആലപ്പുഴ സീവ്യൂ വാര്‍ഡില്‍ ഗുജറാത്തി സ്ട്രീറ്റിനു സമീപമാണ് ചുവരെഴുത്തു പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴയുടെ പ്രൗഢകാലത്ത് ആയിരക്കണക്കിനു ഗുജറാത്തി കച്ചവടക്കാര്‍ വാണിജ്യത്തിനായി ഇവിടെയെത്തുകയും സ്ഥിരതാമസമാക്കുകയും ചെയ്തു. മലയാളവും ഗുജറാത്തിയും ഇടകലര്‍ത്തിയാണ് ചുവരെഴുത്ത് തയ്യാറാക്കിയത്. പല വിഭാഗങ്ങളിലായി നൂറില്‍ താഴെ ഗുജറാത്തികള്‍ ആലപ്പുഴയില്‍ ഇപ്പോഴുമുണ്ട്.
പട്ടാണി, കച്ചി മേമന്‍, ബോറ, റാവുത്തര്‍ തുടങ്ങിയവര്‍ക്കൊപ്പം ഹിന്ദു, ജൈന വിഭാഗം ഗുജറാത്തികളും ആലപ്പുഴയിലുണ്ട്. ചുങ്കം മുതല്‍ കടപ്പുറം വരെയുള്ള തന്ത്രപ്രധാന മേഖലയിലെ കച്ചവട സ്ഥാപനങ്ങളെല്ലാം ഗുജറാത്തികളുടേതാണ്. നൂറുകണക്കിനു വാണിജ്യശാലകളില്‍ ഇന്ന് അവേശഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. നാലര ഏക്കറില്‍ സ്ഥിതിചെയ്യുന്ന ഗുജറാത്തി സ്‌കൂളും കച്ചി മേമന്‍ പള്ളി, ജൈനക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളും ഇവരുടെ സംഭാവനയാണ്.
കച്ചവടം മാത്രം ലക്ഷ്യമാക്കി ജീവിച്ചതിനാല്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലകളെല്ലാം ഗുജറാത്തികള്‍ക്ക് അന്യമായി. കച്ചവടം നിലച്ചതും തൊഴിലാളി യൂനിയന്‍ പ്രശ്‌നങ്ങളും ഇവര്‍ ആലപ്പുഴ വിടാന്‍ പ്രേരണയായിട്ടുണ്ടെന്നു പ്രദേശവാസികള്‍ പറയുന്നു. നൂറുകണക്കിനു പേരെടുത്ത പാണ്ടികശാലകളുണ്ടായിരുന്നതില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് വല്ലഭദാസ് കാഞ്ചി സുഗന്ധദ്രവ്യ കമ്പനി മാത്രമാണ്. 400 തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നുണ്ട്. സീവ്യൂ വാര്‍ഡില്‍ കരോളിന്‍ പീറ്റര്‍ (കോണ്‍.), മിനി (ബിജെപി), ലീലാമ്മ കുരുവിള (എല്‍ഡിഎഫ്) എന്നിവരാണ് ജനവിധി തേടുന്നത്.
Next Story

RELATED STORIES

Share it