Flash News

ആലപ്പുഴയില്‍ കയര്‍ കേരളയ്ക്ക് 5നു തിരിതെളിയും



ആലപ്പുഴ: ഏഴാമത് കയര്‍ കേരള 5ന് വൈകീട്ട് നാലരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അന്തര്‍ദേശീയ പവലിയന്‍ മന്ത്രി ജി സുധാകരനും ദേശീയ പവലിയന്‍ മന്ത്രി പി തിലോത്തമനും ടൂറിസം-മ്യൂസിയം പവലിയന്‍ മന്ത്രി തോമസ് ചാണ്ടിയും ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സായാഹ്നത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. മന്ത്രി ഡോ. ടി എം തോമസ് ഐസക് അധ്യക്ഷത വഹിക്കും. തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളിലായി ദേശീയ സെമിനാറുകളും കലാപരിപാടികളും ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. സെമിനാറുകള്‍ ചുങ്കത്ത് കയര്‍യന്ത്ര നിര്‍മാണക്കമ്പനിയുടെ ഹാളിലാണു നടക്കുക. 7ന് രാവിലെ 10ന് ഹോട്ടല്‍ റമദയില്‍ നടക്കുന്ന ബയര്‍ സെല്ലര്‍ മീറ്റ് മന്ത്രി  എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. 8നു നടക്കുന്ന കയര്‍ ഭുവസ്ത്ര ധാരണാപത്ര സമ്മേളനത്തില്‍ മന്ത്രിമാരായ പ്രഫ. സി രവീന്ദ്രനാഥ്, ഡോ. കെ ടി ജലീല്‍, മാത്യു ടി തോമസ്, യു പ്രതിഭാഹരി എംഎല്‍എ, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ എന്‍ ഹരിലാല്‍, മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, ഹരിതകേരളം വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ പങ്കെടുക്കും. 9ന് രാവിലെ 9.30നു നടക്കുന്ന രണ്ടാം കയര്‍ വ്യവസായ പുനസ്സംഘടന സെമിനാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സമാപന സമ്മേളനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സമ്മാനങ്ങള്‍ വിതരണം ചെയ്യും. മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കും. 39 രാജ്യങ്ങളില്‍ നിന്നായി 140 പ്രതിനിധികള്‍ ഇതിനോടകം കയര്‍ കേരളയില്‍ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 150 ആഭ്യന്തര പ്രതിനിധികളും മേളയില്‍ പങ്കെടുക്കും. ഒമ്പതു വരെ അഞ്ചു ദിവസങ്ങളിലായാണ് മേള നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് എല്ലാ ദിവസവും ദേശീയ പവലിയന്‍ സന്ദര്‍ശിക്കാം. കലാപരിപാടികള്‍ നടക്കുന്ന സദസ്സില്‍ 1500 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
Next Story

RELATED STORIES

Share it