palakkad local

ആലത്തൂര്‍ നഗരത്തില്‍ ഇ-ടോയ്‌ലറ്റുകള്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു



ആലത്തൂര്‍: താലൂക്കാസ്ഥാന നഗരമായ ആലത്തൂരില്‍ പ്രാധമികകൃത്യം നിര്‍വഹിക്കുന്നതിന് വഴിയില്ലാത്തതിനു ബദലായി  ഇ-ടോയ്‌ലറ്റുകള്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു. സ്വാതി ജങ്ഷനിലെ മിനി സിവില്‍ സ്‌റ്റേഷന്‍, പുതിയ ബസ്സ്റ്റാന്റ് മാര്‍ക്കറ്റ് പരിസരം, പഴയ ബസ് സ്റ്റാന്‍ഡിനു സമീപം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍ മതിലിനോട് ചേര്‍ന്നുള്ള സ്ഥലം എന്നിവിടങ്ങളില്‍ ഇ ടോയ്‌ലെറ്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം. താലൂക്കാസ്ഥാനമായിട്ടും വൃത്തിയും അടിസ്ഥാന സൗകര്യവുമുള്ള കംഫര്‍ട്ട് സ്‌റ്റേഷന്‍ ഇല്ലാത്തത് ജനങ്ങള്‍ക്കുണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. താലൂക്കാസ്ഥാനമെന്ന നിലയില്‍ കോടതി, പോലിസ്, താലൂക്ക് ഓഫിസ് തുടങ്ങി വിവിധ ഓഫിസുകളിലെ  ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ക്ക് മൂത്രശങ്ക മാറ്റാന്‍ ഇടമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിലുള്ള കംഫര്‍ട്ട് സ്‌റ്റേഷന്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് കഴിഞ്ഞ രണ്ട് മാസമായി അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ യാത്രക്കാരും ബസ് ജീവനക്കാരും സ്വകാര്യ വ്യാപാര സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരും ബുദ്ധിമുട്ടുന്നതിനെ കുറിച്ച് തേജസ് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മൂത്രപ്പുരയും അനുബന്ധ സൗകര്യങ്ങളും ഉണ്ടയിരിക്കണമെന്ന ചട്ടം പാലിക്കപ്പെടാത്തതാണ് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നത്. പഴയ ബസ് സ്റ്റാന്‍ഡിലടക്കം തിരക്കേറിയ സ്ഥലങ്ങളില്‍ പൊതുശൗചാലയങ്ങള്‍ ഇല്ല. പ്രാഥമിക സൗകര്യങ്ങളില്ലാത്തതിനാല്‍ സ്വകാര്യ സ്ഥാപാനങ്ങളില്‍ ജോലി വേണ്ടേന്നു വച്ച വനിതാ ജീവനക്കാരും നിരവധിയാണ്. പഴയ ബസ് സ്റ്റാന്‍ഡിലെ ബസ് സ്‌റ്റോപ്പ് പരിഷ്‌കരിച്ച് ഇ-ടോയ്‌ലറ്റ് നിര്‍മിക്കുന്നത് പരിഗണനയിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍ തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it