wayanad local

ആലത്തൂര്‍ എസ്‌റ്റേറ്റ് ഇനി സര്‍ക്കാര്‍ ഭൂമി; ജില്ലാ കലക്ടര്‍ ഉത്തരവിറക്കി

കല്‍പ്പറ്റ: മാനന്തവാടി താലൂക്കിലെ കാട്ടിക്കുളം ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയായി ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിറക്കി. ഏറെക്കാലം നീണ്ടുനിന്ന നിയമനടപടികള്‍ക്കൊടുവില്‍ 211 ഏക്കര്‍ വിസ്തൃതിയുള്ള എസ്റ്റേറ്റ് അന്യംനില്‍പും കണ്ടുകെട്ടലും നിയപ്രകാരമാണ് സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് പൗരനായിരുന്ന എഡ്വിന്‍ ജുബര്‍ട്ട് വാനിംഗന്‍ കൈവശം വച്ചുവരുന്നതായിരുന്നു ഈ എസ്റ്റേറ്റ്.
അദ്ദേഹത്തിന്റെ സഹോദരങ്ങളായ ഒലിവര്‍ ഫിനൈസ് മോറിസ്, ജോണ്‍ ഡേ വൈറ്റിംഗന്‍ എന്നിവര്‍ക്കു കൂടി അവകാശപ്പെട്ട എസ്റ്റേറ്റില്‍ മോറിസിന്റെ ഓഹരി മറ്റ് ഇരുവര്‍ക്കും കൈമാറിയിരുന്നു. പിന്നീട് ജോണ്‍ മരണപ്പെട്ട ശേഷം എസ്‌റ്റേറ്റ് മുഴുവനായി എഡ്വിന്റെ ഉടമസ്ഥതയിലാവുകയായിരുന്നു.
എഡ്വിന്‍ ജുബര്‍ട്ട് വാനിംഗന്റെ മരണശേഷം ഈ എസ്‌റ്റേറ്റില്‍ അന്യംനില്‍പ് നടപടികള്‍ തുടങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഗസറ്റില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം അവകാശവാദവുമായി മൈസൂരു സ്വദേശിയായ മൈക്കല്‍ ഫ്‌ളോയിഡ് ഈശ്വര്‍, ബ്രിട്ടീഷ് വനിതയായ മെറ്റില്ഡവ റോസാമണ്ട് ഗിഫോര്‍ഡ് എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ ഹാജരായി തെളിവുകള്‍ നല്‍കി.
പിന്നീട് ഇവര്‍ ഹൈക്കോടതിയെയും സമീപിച്ചു. എന്നാല്‍, കോടതി ജില്ലാ കലക്ടര്‍ സ്വീകരിച്ച നടപടികള്‍ ശരിവയ്ക്കുകയായിരുന്നു. ദത്തെടുപ്പ് നിയമങ്ങളടക്കം വിശദമായി പരിശോധിച്ചാണ് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്.
ജുബര്‍ട്ട് വാനിംഗന്റെ മരണത്തിനുശേഷം എസ്റ്റേറ്റിന് അനന്തരവകാശികള്‍ ഇല്ലെന്ന കണ്ടെത്തലാണ് സര്‍ക്കാര്‍ ഭൂമിയായി ഉത്തരവിറക്കുന്നതിലേക്ക് ജില്ലാ ഭരണകൂടത്തെ എത്തിച്ചത്.
Next Story

RELATED STORIES

Share it