wayanad local

ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍; നടപടി ആവശ്യപ്പെട്ടു പരാതി

കല്‍പ്പറ്റ: വിദേശ പൗരന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും നിലവില്‍ കര്‍ണാടക സ്വദേശി കൈവശംവയ്ക്കുന്നതുമായ കാട്ടിക്കുളത്തെ ആലത്തൂര്‍ എസ്‌റ്റേറ്റ് അടിയന്തരമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. പൊതുപ്രവര്‍ത്തകന്‍ കാട്ടിക്കുളം പൂത്തറയില്‍ ബെന്നിയാണ് ഇതു സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയത്. കേരളത്തില്‍ അന്യാധീധപ്പെട്ട സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയ സാഹചര്യത്തിലാണ് ആലത്തൂര്‍ എസ്‌റ്റേറ്റിന്റെ സ്വഭാവവും ചരിത്രവും ചൂണ്ടിക്കാട്ടി ബെന്നി പരാതി നല്‍കിയത്.
കമ്മീഷന്‍ നിര്‍ദേശ പ്രകാരം സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് കമ്പനികളുടെ കൈവശമിരുന്നതും ശേഷം രേഖകളില്ലാതെ വ്യക്തികളും സ്ഥാപനങ്ങളും കൈവശംവയ്ക്കുന്നതുമായ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കാനാണ് റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം അനധികൃത ഭൂമി കണ്ടെത്താന്‍ എറണാകുളം ജില്ലാ കലക്ടര്‍ പി രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഐജി എസ് ശ്രീജിത്ത് നടത്തിയ അന്വേഷണത്തില്‍ അയ്യായിരത്തിലേറെ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃത കൈവശമുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരം ഭൂമികള്‍ പിടിച്ചെടുക്കാന്‍ കമ്മിഷന്‍ രണ്ട് ഉത്തരവുകളാണ് പാസാക്കിയത്.
ആലത്തൂര്‍ എസ്‌റ്റേറ്റ് സ്വാതന്ത്ര്യത്തിനു മുമ്പ് വിദേശ പൗരന്റെ കൈവശമുണ്ടായിരുന്ന സാഹചര്യത്തില്‍ ഈ ഭൂമിയും സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നു പരാതിയില്‍ പറയുന്നു. അനന്തരാവകാശികളില്ലാത്ത ഡച്ച് പൗരന്‍ ജുവര്‍ട്ട് വാനിംഗന്റെ ഉടമസ്ഥതയിലാണ് തൃശ്ശിലേരി വില്ലേജില്‍ 10 സര്‍വേ നമ്പറുകളിലായി 246.07 ഏക്കര്‍ ഭൂമിയുണ്ടായിരുന്നത്. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ് ആക്റ്റ് 1947, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 296 എന്നിവ പ്രകാരം ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ തുടര്‍ച്ചയെന്നോണം രാജ്യതാല്‍പര്യങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ ഭൂമി െൈകവശം വച്ചിരിക്കുന്നത് കേരള ലാന്റ് കണ്‍സര്‍വന്‍സി ആക്റ്റ് 1957 സെക്ഷന്‍ ഏഴ് പ്രകാരവും ഐപിസി സെക്ഷന്‍ 423, 424, 471, 477 എ പ്രകാരവും കുറ്റകൃത്യമാണെന്നും ഇതു സംബന്ധിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ മുമ്പ് റവന്യൂ വകുപ്പ് നീക്കം നടത്തിയെങ്കിലും അതെല്ലാം മരവിക്കുകയായിരുന്നു. എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കങ്ങളും വിവാദങ്ങളും ഉണ്ടായെങ്കിലും ഇതിനിടയില്‍ ഉദ്യോഗസ്ഥ സമ്മതത്തോടെ ഈ ഭൂമിയില്‍ നിന്നു ലക്ഷങ്ങളുടെ മരങ്ങളാണ് മുറിച്ചു വിറ്റത്. തോട്ടം തുണ്ടമായി വില്‍പന നടത്തുകയും ചെയ്തു. ആലത്തൂര്‍ എസ്‌റ്റേറ്റ് അടിയന്തരമായി സംസ്ഥാന സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്നാവശ്യപ്പെട്ട് 2013 ഡിസംബര്‍ 31നു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് നല്‍കിയിരുന്നു.
ഇതിന്റെ തുടര്‍നടപടികളാണ് മുടങ്ങിയത്. അനന്തരാവകാശികളില്ലാത്ത വിദേശപൗരന്റെ സ്വത്ത് അയാളുടെ കാലശേഷം സംസ്ഥാന സര്‍ക്കാരിലേക്കാണ് നിയമപ്രകാരം വന്നുചേരേണ്ടത്. എസ്ചിറ്റ് ആന്റ് ഫോര്‍ ഫീച്ചര്‍ ആക്റ്റ് പ്രകാരം ജില്ലാ കലക്ടര്‍ക്കാണ് ഇത്തരം ഭൂമി ഏറ്റെടുക്കാന്‍ അധികാരമുള്ളത്. ഈ സാഹചര്യത്തില്‍ ആലത്തൂര്‍ എസ്‌റ്റേറ്റ് ഉടന്‍ ഏറ്റെടുത്ത് സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വിവിധ കാരണങ്ങള്‍ പറഞ്ഞ് എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ നടപടി വൈകിപ്പിച്ചു. എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ കഴിയുന്നതാണെന്നു സൂചിപ്പിച്ചാണ് മാനന്തവാടി സബ് കലക്ടര്‍ റിപോര്‍ട്ട് നല്‍കിയിരുന്നത്. ജുവര്‍ട്ട് വാനിംഗനുമായി രക്തബന്ധമില്ലാത്ത ബാംഗ്ലൂര്‍ സ്വദേശി മൈക്കിള്‍ ഫ്രോയിഡ് ഈശ്വറാണ് നിലവില്‍ എസ്‌റ്റേറ്റ് കൈവശംവയ്ക്കുന്നത്.
വാനിംഗന്റെ ദത്തുപുത്രനായി മൈക്കിള്‍ ഫ്രോയിഡ് ഈശ്വറിന്റെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ കാള്‍ ലിന്‍ഡ്‌ലെയെയാണ് സ്വീകരിച്ചതെന്നു ഇതുസംബന്ധിച്ച രേഖകള്‍ പറയുന്നു. കുട്ടിയുടെ രക്ഷിതാവായി ഈശ്വറിനെയാണ് രേഖകളില്‍ കാണിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച അധികാരപത്രം ഒപ്പിട്ടത് 2007 മാര്‍ച്ച് മൂന്നിനാണ്. എന്നാല്‍, ഇതിനു മുമ്പ് 2006 ഫെബ്രുവരി ഒന്നിന് ആലത്തൂര്‍ എസ്‌റ്റേറ്റ് മൈക്കിള്‍ ഫ്രോയിഡ് ഈശ്വര്‍ തന്റെ പേരിലാക്കിയിരുന്നു.
മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസിലാണ് രജിസ്‌ട്രേഷന്‍ നടന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആലത്തൂര്‍ എസ്‌റ്റേറ്റ് നടത്തിയിരുന്ന വാനിംഗന്‍ സ്വാതന്ത്ര്യാനന്തരം മൈസൂരിലേക്ക് താമസം മാറ്റുകയായിരുന്നു. മൈസൂരില്‍ താമസിച്ചുകൊണ്ടായിരുന്നു എസ്‌റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇതിനിടയ്ക്ക് വാനിംഗന്റെ സഹായിയായി രംഗപ്രവേശം ചെയ്ത ഈശ്വര്‍ അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ മുഴുവന്‍ അവകാശിയായി മാറുകയായിരുന്നു. വിദേശപൗരന് ഇന്ത്യയിലുള്ള സ്വത്തു കൈമാറ്റം ചെയ്യാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ഭൂമിയുടെ അവകാശം ഈശ്വറിന് സിദ്ധിച്ചത്. പ്ലാന്റേഷന്‍ രജിസ്‌ട്രേഷനുള്ള ആലത്തൂര്‍ എസ്‌റ്റേറ്റ് ഭൂമി തരംമാറ്റുകയും മുറിച്ചു വില്‍ക്കുകയും എസ്‌റ്റേറ്റില്‍ നിന്ന് മരം മുറിക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് ഈശ്വറിനെതിരേ കോടതിയലക്ഷ്യത്തിന് കേസ് നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it