wayanad local

ആലത്തൂര്‍ എസ്റ്റേറ്റ്‌ വിധിയുടെ പശ്ചാത്തലത്തില്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി



മാനന്തവാടി: വിദേശ പൗരനായ ജുബര്‍ട്ട് വാനിംഗന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാട്ടിക്കുളം ആലത്തൂര്‍ എസ്‌റ്റേറ്റ് കര്‍ണാടക സ്വദേശിയായ മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ അടുത്തിടെ കര്‍ണാടക സിഐഡി വിഭാഗം അന്വേഷണമാരംഭിച്ചതിന്റെയും ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തില്‍ പൊതുപ്രവര്‍ത്തകനായ കാട്ടിക്കുളം പൂത്തറയില്‍ ബെന്നി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. വിദേശപൗരന് അനന്തരാവകാശികളില്ലാത്തതിനാല്‍ ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. ഇതിനിടെ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഈശ്വര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍, ഇതു സംബന്ധിച്ച് കലക്ടര്‍ അന്തിമ തീരുമാനമെടുക്കണമെന്നാണ് വിധിയുണ്ടായത്. ഈ സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങളും ചൂണ്ടിക്കാട്ടി ബെന്നി പൂത്തറയില്‍ നിവേദനം നല്‍കിയത്. ജുബര്‍ട്ട് വാനിംഗന് കര്‍ണാടകയിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ഈശ്വറാണ് കൈവശംവയ്ക്കുന്നത്. സ്വത്തുക്കള്‍ ഈശ്വര്‍ തട്ടിയെടുത്തതാണെന്ന പരാതിയും ജുബര്‍ട്ട് വാനിംഗന്റെ ദുരുഹമരണവും കര്‍ണാടക സിഐഡി വിഭാഗം അന്വേഷിക്കുന്നുണ്ട്. കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് ഈശ്വര്‍ സമ്പാദിച്ച അനുകൂല വിധി, വാനിംഗന്റെ ബന്ധുക്കുടെ പരാതിയില്‍ സുപ്രിംകോടതി റദ്ദാക്കിയതാണ് സിഐഡി അന്വേഷണത്തിന് വഴിതെളിച്ചത്. വാനിംഗന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഈശ്വറിന്റെ സുഹൃത്തായ മൈസൂരുവിലെ ആദിത്യ ആശുപത്രി ഡയരക്ടര്‍ ഡോ. ചന്ദ്രശേഖറിനെ സിഐഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ ഉള്‍പ്പെട്ട സ്വത്ത് തട്ടിപ്പ് കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സമയം നല്‍കണമെന്നാവശ്യപ്പെട്ട് സിഐഡി വിഭാഗം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. മുഴുവന്‍ രേഖകളും പരിശോധിക്കുന്നതിനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനും കൂടുതല്‍ സമയം എടുക്കുമെന്നാണ് കോടതിയില്‍ അന്വേഷണ സംഘം ബോധിപ്പിച്ചത്. കാട്ടിക്കുളം ആലത്തൂര്‍ എസ്‌റ്റേറ്റും ഈശ്വര്‍ തട്ടിയെടുത്തതാണെന്നും എത്രയും പെട്ടെന്ന് ഇത് സര്‍ക്കാരിലേക്ക് ഏറ്റെടുക്കണമെന്നുമാണ് ബെന്നി പൂത്തറ ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it