palakkad local

ആലത്തൂരില്‍ വീണ്ടും മണല്‍വാരല്‍ സജീവം

ആലത്തൂര്‍:പ്രളയത്തിന്റെ ഭാഗമായി താലൂക്കിലെ ഗായത്രി, മംഗലം പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരാന്‍ മാഫിയകള്‍ സജീവം. ഗായത്രിപുഴ കൂട്ട മൂച്ചിക്കടവില്‍ മണല്‍ വാരല്‍ തകൃതിയായി നടക്കുന്നുണ്ട്. ഇരു കരകളിലേയും കടവുകളില്‍ മണല്‍ കോരിയിട്ട് രാത്രിയിലാണ് വാഹനങ്ങളില്‍ കടത്തുന്നത്.
കൂട്ടമൂച്ചികടവ് കൂടാതെ കാവത്തക്കളം, എടാംപറമ്പ്, പൂങ്ങോട്, ചീരത്തടം ഭാഗങ്ങളില്‍ മഴയ്ക്കു ശേഷം മണ്ണടിഞ്ഞു കിടപ്പുണ്ട്. ഈ ഭാഗങ്ങളില്‍ മണല്‍വാരുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ പോലിസ്, റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
മണല്‍ വാരുന്നത് കണ്ടാല്‍ പോലിസില്‍ വിവരമറിയിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി നാട്ടുകാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മഴ മാറിയതോടെ ഗായത്രി പുഴയില്‍ നിരൊഴുക്ക് കുറഞ്ഞു. പലയിടത്തും പുഴ മെലിഞ്ഞു പഴയ സ്ഥിതിയിലായി.ഈ സാഹചര്യത്തിലാണ് മണല്‍ക്കൊള്ളക്കാര്‍ രംഗത്തെത്തിയത്.
തോണിപ്പാടം കരിങ്കുളങ്ങര, തരൂര്‍ കുരുത്തിക്കോട്, പൂവത്തിങ്കല്‍, കാവശ്ശേരി മാടമ്പിക്കാട്, ലക്ഷം വീട്, പത്തനാപുരം എന്നിവിടങ്ങളിലും മണല്‍ വാരല്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പുഴയുടെ തീരങ്ങള്‍ കയ്യേറിയതും വ്യാപകമായി മണലെടുത്തതും മൂലം പുഴ പലയിടത്തും ഗതി മാറിയൊഴുകി വന്‍ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണലാണ് കടത്തുന്നത്.

Next Story

RELATED STORIES

Share it