kannur local

ആലക്കോട് കാതോര്‍ക്കുന്നത് വീറുറ്റ പോരാട്ടത്തിന്

ആലക്കോട്: മാതമംഗലം ഡിവിഷന്‍ വിഭജിച്ച് ആലക്കോട് പുതിയ ഡിവിഷന്‍ രൂപീകരിച്ചതോടെ വീറുറ്റ പോരാട്ടത്തിനാണു കാതോര്‍ക്കുന്നത്. ആലക്കോട്, ചപ്പാരപ്പടവ്, തേര്‍ത്തല്ലി, എടക്കോം എന്നീ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളാണ് ഇതില്‍പെടുന്നത്. കഴിഞ്ഞതവണ ആലക്കോട്, എടക്കോം ബ്ലോക്ക് ഡിവിഷനുകളില്‍ ഇടതുമുന്നണിയും തേര്‍ത്തല്ലി, ചപ്പാരപ്പടവ് എന്നിവിടങ്ങളില്‍ യുഡിഎഫുമാണ് വിജയിച്ചത്.
ഇരുമുന്നണികള്‍ക്കും ഒരുപോലെ ശക്തിയുള്ള ഡിവിഷനില്‍ ആകെ 58,000 വോട്ടര്‍മാരാണുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ സുമിത്ര ഭാസ്‌കരന്‍ കഴിഞ്ഞ 10 വര്‍ഷമായി ആലക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗമാണ്. അഞ്ചുവര്‍ഷമായി ജനശ്രീ തേര്‍ത്തല്ലി മണ്ഡലം അധ്യക്ഷയായും പ്രവര്‍ത്തിക്കുന്നു. തേര്‍ത്തല്ലി ചെറുപാറ സ്വദേശിനിയാണ്.
ഇടതു സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ അഡ്വ. മോളിക്കുട്ടി ബിനോയ് തളിപ്പറമ്പ് ബാറിലെ അഭിഭാഷകയാണ്. ലോയേഴ്‌സ് യൂനിയന്‍ ജില്ലാകമ്മിറ്റി അംഗം, മഹിളാ അസോസിയേഷന്‍ ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റി, ചപ്പാരപ്പടവ് പഞ്ചായത്ത് ജാഗ്രതാകമ്മിറ്റി എന്നിവയില്‍ അംഗമാണ്. ഒടുവള്ളി സ്വദേശിനിയാണ്. ബിജെപിക്കു വേണ്ടി രംഗത്തുള്ള സുമതി സോമന്‍ മണക്കടവ് ചീക്കാട് സ്വദേശിനിയാണ്.
ഏറേക്കാലം സിപിഎം പ്രവര്‍ത്തകയായിരുന്ന സുമതി സോമന്‍ ഈയിടെയാണ് ബിജെപിയിലേക്കു കൂടുമാറിയത്.
Next Story

RELATED STORIES

Share it