Flash News

ആലംബേഗ് തിരികെ ഇന്ത്യയിലെത്തുമോ?

ലണ്ടന്‍: സിയാല്‍കോട്ടില്‍ ബ്രിട്ടിഷ് അധിനിവേശ സൈന്യത്തിനെതിരേ പോരാടിയ ആലംബേഗിന്റെ തലയോട്ടി ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടിഷ് ചരിത്രകാരനായ കിം വാഗ്‌നര്‍. 1857ല്‍ ഒന്നാം സ്വാതന്ത്ര്യസമരം രൂക്ഷമായപ്പോഴാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലാള്‍പ്പടയില്‍പ്പെട്ട ആലംബേഗും കൂട്ടുകാരും വെള്ളക്കാര്‍ക്കെതിരേ കലാപം നടത്തിയത്. പ്രതികാരമായി ബ്രിട്ടിഷ് പട്ടാളം ആലംബേഗിനെയും മറ്റു പോരാളികളെയും പീരങ്കിയുടെ മുമ്പില്‍ കെട്ടിവച്ച് ഛിന്നഭിന്നമാക്കുകയായിരുന്നു. 1857 ജൂലൈയില്‍ ഏഴു വെള്ളപ്പട്ടാളക്കാരെ കൊലപ്പെടുത്തി എന്നതായിരുന്നു കുറ്റം. ചരിത്രം മറന്ന ആലംബേഗിന്റെ കഥ ഒരുനൂറ്റാണ്ടിനു ശേഷമാണ് വീണ്ടും പുറത്തുവരുന്നത്. ബേഗിന്റെ വധശിക്ഷ നടപ്പാക്കിയ വേളയില്‍ സിയാല്‍കോട്ടിലുണ്ടായിരുന്ന ഐറിഷ് ക്യാപ്റ്റന്‍ റോബര്‍ട്ട് കോസ്‌റ്റെല്ലോ ഒരു സുവനീര്‍ എന്ന നിലയിലാണ് ബേഗിന്റെ തലയോട്ടി ബ്രിട്ടനിലേക്കു കൊണ്ടുപോയത്. പിന്നീട് ലണ്ടനില്‍ പഴയ കൊളോണിയല്‍ ഉദ്യോഗസ്ഥര്‍ സ്ഥിരം സന്ദര്‍ശകരായ ഒരു മദ്യശാലയില്‍ തലയോട്ടി കണ്ടെടുത്തപ്പോള്‍ അതിന്റെ കണ്‍കുഴിയി ല്‍ ബേഗിന്റെ പേരുണ്ടായിരുന്നു. അത് ബേഗിന്റെ കുടുംബത്തിനു നല്‍കാനുള്ള മദ്യശാലാ ഉടമകളുടെ അന്വേഷണമാണ് ദക്ഷിണേന്ത്യന്‍ ചരിത്രം പഠിക്കുന്ന കിം വാഗ്‌നറില്‍ എത്തിയത്.ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബംഗാള്‍ റെജിമെന്റില്‍ കാലാളായിരുന്നവരിലധികവും യുപി, ബിഹാര്‍ തുടങ്ങിയ പ്രവിശ്യകളില്‍ നിന്നു വന്നവരായതിനാല്‍ ഹവില്‍ദാര്‍ ആലംബേഗ് മിക്കവാറും യുപിക്കാരനായിരിക്കാമെന്നു വാഗ്‌നര്‍ കരുതുന്നു.ആലംബേഗിന്റെ കുടുംബത്തില്‍പ്പെട്ടവരെ കണ്ടുപിടിച്ച് അയാളെ ഖബറടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷയിലാണു വാഗ്‌നര്‍.
Next Story

RELATED STORIES

Share it