World

ആറ് വര്‍ഷത്തിനു ശേഷം തുര്‍ക്കി- ഇസ്രായേല്‍ സഹകരണം; സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സുപ്രധാന ചുവടുവയ്പാവുമെന്ന് ഇസ്രായേല്‍

റോം: ആറു വര്‍ഷത്തോളമായി നിലനില്‍ക്കുന്ന അകല്‍ച്ച തുര്‍ക്കിയും ഇസ്രായേലും അവസാനിപ്പിക്കുന്നു. 2010ല്‍ ഇസ്രായേലിന്റെ എതിര്‍പ്പ് മറികടന്ന് ഗസയിലേക്ക് അവശ്യവസ്തുക്കളുമായെത്തിയ ഫ്രീഡം ഫ്‌ളോട്ടില്ലയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ 10 തുര്‍ക്കി സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതാണ് ഇരു രാജ്യങ്ങളും തമ്മില്‍ അകലാന്‍ കാരണം. തുര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള മാവി മര്‍മര എന്ന കപ്പലിലാണ് ഫലസ്തീന്‍ അനുകൂലികളായ തുര്‍ക്കി സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.
നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുനന്നു. സഹകരണം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സുപ്രധാന ചുവടുവയ്പാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഗസയിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഇതുപകരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. ഫലസ്തീന്‍ അധീനതയിലുള്ള ഗസയിലേക്ക് അവശ്യവസ്തുക്കളെത്തിക്കാനും അവിടെ വിവിധ പദ്ധതികള്‍ നടപ്പാക്കാനും സഹകരണം ഉപകാരപ്രദമാവുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മരിച്ച സന്നദ്ധപ്രവര്‍ത്തകരുടെ കുടുംബത്തിന് 200 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട്.
ആക്ടിവിസ്റ്റുകള്‍ കൊല്ലപ്പെടുന്നതിനു മുമ്പു വരെ ഇസ്രായേലും തുര്‍ക്കിയും പ്രധാന സഖ്യകക്ഷികളായിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി റോമില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്. അങ്കാറയില്‍ നടന്ന ചടങ്ങില്‍ ഉര്‍ദുഗാനും ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിയാവുന്നത്ര വേഗത്തില്‍ അംബാസഡര്‍മാരെ ഇരുരാജ്യങ്ങളിലേക്കും പറഞ്ഞയക്കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം അറിയിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നും ഉള്‍പ്പെടെ 10000 ടണ്‍ വസ്തുക്കള്‍ വഹിച്ചുകൊണ്ടുള്ള തുര്‍ക്കി കപ്പല്‍ അടുത്ത വെള്ളിയാഴ്ചയോടെ ഗസയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നീക്കം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it