ആറ് ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്കു കൂടി ലൈസന്‍സ്; വീണ്ടും വിവാദം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പുതിയ ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്കു കൂടി ലൈസന്‍സ് അനുവദിച്ചത് വിവാദത്തില്‍. മദ്യനിരോധനമാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രിയടക്കം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതിനിടെയാണ് പുതിയ തീരുമാനം. സര്‍ക്കാരിന്റെ പുതിയ മദ്യനയം സുപ്രിംകോടതി ശരിവച്ച ശേഷമാണ് ആറ് ബാര്‍ ലൈസന്‍സുകള്‍ കൂടി നല്‍കിയത്.
അതേസമയം, പുതിയ ബാറുകള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്നും സ്വാഭാവികമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. യുഡിഎഫിന്റെ മദ്യനയം അനുസരിച്ചാണ് തീരുമാനം. ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് മദ്യനയത്തിന്റെ ഭാഗമായാണ്. ഇതിന്റെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനല്ല. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മരടിലെ ക്രൗണ്‍ പ്ലാസ, ആലുവ അത്താണിയിലെ ഹോട്ടല്‍ ഡയാന ഹൈറ്റ്‌സ്, ഹോട്ടല്‍ റമദ ആലപ്പി, തൃശൂരിലെ ഹോട്ടല്‍ ജോയ്‌സ് പാലസ്, വൈത്തിരി വില്ലേജ് റിസോര്‍ട്ട്, സാജ് എര്‍ത്ത് റിസോര്‍ട്‌സ് എന്നിവയ്ക്കാണ് ബാര്‍ ലൈസന്‍സ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ലൈസന്‍സുള്ള ബാറുകളുടെ എണ്ണം 30 ആയി. നാല് ഹോട്ടലുകള്‍ ത്രീസ്റ്റാറില്‍നിന്ന് ഫൈവ്സ്റ്റാറിലേക്ക് അപ്‌ഗ്രേഡ് ചെയ്തതാണ്. ഇവയില്‍ സാജ് എര്‍ത്തിന് ലൈസന്‍സ് പുതുക്കിനല്‍കി.
സുപ്രിംകോടതി വരെ പോയതിനുശേഷമാണ് അവര്‍ ബാര്‍ ലൈസന്‍സ് നേടിയത്. സാജ് എര്‍ത്തിന് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. സുപ്രിംകോടതിയും സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയതോടെ കോടതിയലക്ഷ്യം ഒഴിവാക്കാന്‍ ലൈസന്‍സ് അനുവദിക്കുകയായിരുന്നു.
നേരത്തേ ത്രീസ്റ്റാര്‍ ഹോട്ടല്‍ ആയിരുന്നു തൃശൂര്‍ ജോയ്‌സ് പാലസ്. ഈ വര്‍ഷം ഫോര്‍സ്റ്റാര്‍ ആയതിനെ തുടര്‍ന്ന് ബിയര്‍ പാര്‍ലര്‍ അനുവദിച്ചു. തൊട്ടുപിന്നാലെ ഫൈവ്സ്റ്റാര്‍ നേടിയ ജോയ്‌സ് പാലസ് ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചെങ്കിലും കോര്‍പറേഷന്‍ എന്‍ഒസിയുടെ കാര്യത്തില്‍ തീരുമാനമെടുത്തില്ല. തുടര്‍ന്ന് ഹൈക്കോടതി വഴിയാണ് ഇവര്‍ ലൈസന്‍സ് നേടിയത്.
പുതുതായി 10 ഹോട്ടലുകള്‍ ഫൈവ്സ്റ്റാറിലേക്ക് നിലവാരമുയര്‍ത്താനായി അപേക്ഷ നല്‍കി കാത്തിരിപ്പുണ്ട്. തിരുവനന്തപുരം കഠിനംകുളം ലേക്ക് പാലസിനും ചേര്‍ത്തല വസുന്ധര സരോവര്‍ റിസോര്‍ട്ടിനും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ലൈസന്‍സ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it