thrissur local

ആറ് കോടിയുടെ വികസന പദ്ധതികള്‍ക്ക് അനുമതി

വടക്കാഞ്ചേരി: നിയമസഭാമണ്ഡലത്തിന് അനുവദിച്ച എംഎല്‍എമാരുടെ പ്രത്യേക വികസന ഫണ്ടും ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് നടപ്പിലാക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തെ ആറ് കോടി രൂപയുടെ മുഴുവന്‍ പദ്ധതികള്‍ക്കും സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ച മണ്ഡലമായി വടക്കാഞ്ചേരി മാറിയതായി അനില്‍ അക്കര എംഎല്‍എ അറിയിച്ചു.
പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളില്‍ മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയിരുന്ന പദ്ധതികളില്‍ നിന്നും മിച്ചം ലഭിച്ച 27.41 ലക്ഷം രൂപ ഉള്‍പ്പെടെ 1,27, 41,000 രൂപയുടെ പദ്ധതികള്‍ക്കാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ എ. കൗശികന്‍ ഭരണാനുമതി നല്‍കിയത്. ആസ്തി വികസന ഫണ്ടില്‍ നിന്നും 6 പദ്ധതികള്‍ക്കായി 5 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ തിരൂര്‍ ജംഗ്ഷന്‍ നവീകരണത്തിന് 82 ലക്ഷം രൂപയും വടക്കാഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ ജംഗ്ഷന്‍ നവീകരണത്തിന് 68 ലക്ഷം രൂപയും മുതുവറ ജംഗ്ഷന്‍ നവീകരണത്തിന് 3.5 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്.
ഇതിനു പുറമേ 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളങ്കുന്നത്തുകാവ്, കോലഴി, കൈപ്പറമ്പ്, അവണൂര്‍, തോളൂര്‍, അടാട്ട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ തെരുവ് വിളക്കുകള്‍ എല്‍ഇഡി വിളക്കുകളാക്കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നു. ഇതില്‍ അടാട്ട്, കോലഴി, മെഡിക്കല്‍ കോളേജ് എന്നീ പ്രദേശത്തെ തെരുവ് വിളക്കുകള്‍ എല്‍ഇഡി ആക്കി മാറ്റുന്ന പദ്ധതിയുടെ കരാറില്‍ ഈ മൂന്ന് സ്ഥാപനങ്ങള്‍ മാത്രമാണ് ഒപ്പ് വച്ചിട്ടുള്ളത്. ഏപ്രില്‍ അവസാനത്തോടെ ഗ്രാമപഞ്ചായത്ത് റോഡുകളിലെ വൈദ്യുതി പോസ്റ്റുകളില്‍ 35 വാട്ടിന്റെയും പിഡബ്ലിഡി റോഡുകളില്‍ 40 വാട്ടിന്റെയും നിലവിലുള്ള സോഡിയം വേപ്പര്‍ ലാംപിനു പകരം 110 വാട്ടിന്റെയും എല്‍ഇഡി വിളക്കുകളാണ് സ്ഥാപിക്കുക.
വടക്കാഞ്ചേരി നഗരസഭയും തെക്കുംകര, മുളങ്കുന്നത്തുകാവ്, കൈപ്പറമ്പ്, അവണൂര്‍, തോളൂര്‍, എന്നീ 5 ഗ്രാമപഞ്ചായത്തുകളും പദ്ധതിയില്‍ ഒപ്പ് വയ്ക്കാത്തതിനെ തുടര്‍ന്ന് മിച്ചം വന്ന 2 കോടി രൂപ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതിയ റേഡിയേഷന്‍ മെഷീന്‍ സ്ഥാപിക്കുന്നതിനായി വിനിയോഗിക്കും.മുന്‍ വര്‍ഷത്തില്‍ അനുവദിച്ച പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് മെഡിക്കല്‍ കോളേജിലെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതി, തെക്കുംകര ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറ റോഡ് കോണ്‍ക്രീറ്റിംഗ്, കൈപ്പറമ്പ് അംഗന്‍വാടി, വടക്കാഞ്ചേരി നഗരസഭയിലെ മുണ്ടത്തിക്കോട് അംഗന്‍വാടി എന്നീ അംഗന്‍വാടി കെട്ടിടങ്ങളുടെ നിര്‍മ്മാണം, വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളങ്കുന്നത്തുകാവ്, കോലഴി, അവണൂര്‍, കൈപ്പറമ്പ്, തോളൂര്‍, അടാട്ട് ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്നീ പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം വിളപ്പായ ഗ്രാമീണ വായനശാല, പനങ്ങാട്ടുകര ഗ്രാമീണ വായനശാല, തെക്കുംകര വി.നാരായണ മേനോന്‍ സ്മാരക വായനശാല, ചൂരക്കാട്ടുകര ഗ്രാമീണ വായനശാല എന്നിവയുടെ നവീകരണം, കോലഴി പമ്പ് ഹൗസ് ബൈലെയിന്‍ റോഡ്, ചാലയ്ക്കല്‍ മിച്ച ഭൂമി റോഡ്, കേന്ദ്രീയ വിദ്യാലയത്തിലെ സ്മാര്‍ട്ട് ക്ലാസ്‌റൂം, തോളൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയ്ക്കുള്ള 100 ഗഢഅ ട്രാന്‍സ്‌ഫോര്‍മര്‍, കോലഴി ട്രിനിറ്റി റോഡ് കാന നിര്‍മ്മാണം, മുതുവറ പൈപ്പ് ലെയിന്‍ നിര്‍മ്മാണം, തോളൂര്‍ സിഎച്ച്‌സി ലബോറട്ടറി കെട്ടിടത്തിന്റെ വൈദ്യുതീകരണം, മുളങ്കുന്നത്തുകാവ് കൊങ്ങന്‍പാറ മിനി വാട്ടര്‍ സപ്ലൈ സ്‌കീം, മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് പൂവന്‍കുളം മിനി വാട്ടര്‍ സപ്ലൈ സ്‌കീം, പുറനാട്ടുകര കുരിശ്ശുപള്ളി സെന്ററില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ്, പുഴയ്ക്കല്‍ ടൂറിസം വില്ലേജില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ്, ആശ്രമം വിളക്കുംകാല്‍ റോഡ് നവീകരണം, കൂച്ചിപ്പാറ റോഡ് നവീകരണം, മരതകം റോഡ് നവീകരണം, ആമ്പലംകാവ് കുറൂര്‍പ്പാറ റോഡ് നവീകരണം എന്നീ പദ്ധതികള്‍ക്കാണ് ഈ വര്‍ഷം ഭരണാനുമതി ലഭിച്ചത്.
Next Story

RELATED STORIES

Share it