ആറ്റുകാലമ്മയ്ക്കു പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദിച്ച് നിറമനസ്സുമായി ഭക്തലക്ഷങ്ങള്‍ മടങ്ങി. തിരുവനന്തപുരത്തും സമീപ ജില്ലകളിലുമുള്ള ഭക്തര്‍ പുലര്‍ച്ചെ മുതല്‍ കാത്തിരുന്നാണ് പൊങ്കാല നിവേദ്യം ദേവിക്കു സമര്‍പ്പിച്ചത്. രാവിലെ 10.15ഓടെ ചടങ്ങുകള്‍ ആരംഭിച്ചു. ശ്രീകോവിലില്‍നിന്ന് പൊങ്കാലയ്ക്കുള്ള ദീപം ക്ഷേത്രം തന്ത്രി വാസുദേവന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട് കൈമാറി. പണ്ടാര അടുപ്പില്‍ പകര്‍ന്ന അഗ്നിയില്‍ നിന്ന് ഭക്തരുടെ അടുപ്പുകളിലേക്ക് പത്തരയോടെ തീനാളം പകര്‍ന്നതോടെ പൊങ്കാല അര്‍പ്പണം ആരംഭിച്ചു. ഉച്ചയ്ക്ക് 1.30നാണ് പൊങ്കാല നിവേദ്യം നടന്നത്. പണ്ടാര അടുപ്പില്‍ തീര്‍ത്ഥം തളിച്ചതോടെ ഹെലികോപ്ടറില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തി. തുടര്‍ന്ന് ക്ഷേത്രത്തിനു സമീപമുള്ള 10 കിലോമീറ്റര്‍ ചുറ്റളവില്‍ ക്ഷേത്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പൂജാരിമാര്‍ തീര്‍ത്ഥം തളിച്ചു. രണ്ടു മണിയോടെ നിവേദ്യ സമര്‍പ്പണം അവസാനിച്ചു. പൊങ്കാലക്കലങ്ങള്‍ പോലെ നിറഞ്ഞുതുളുമ്പിയ പുണ്യം നിറഞ്ഞ പകലായിരുന്നു ഇന്നലെ അനന്തപുരിയുടെത്. ദിവസങ്ങള്‍ക്കു മുമ്പേ ക്ഷേത്ര പരിസരത്ത് അടുപ്പുകള്‍ കൂട്ടി കാത്തിരുന്ന പതിനായിരങ്ങളുടെ തിരക്കിലേക്ക് ഭക്തലക്ഷങ്ങള്‍ ഒഴുകിയെത്തി. നാനാദിക്കില്‍നിന്നും എത്തിയവര്‍ ഇടവഴിയിലും റോഡുവക്കിലും ബസ്സ്റ്റാന്റിലും വീട്ടുമുറ്റത്തും അമ്പലമുറ്റത്തുമെല്ലാം സ്ഥാനം പിടിച്ചു. നിവേദ്യം കഴിഞ്ഞ് തിരികെപ്പോവാന്‍ ബസ്സുകളിലും ട്രെയിനുകളിലും ഭക്തരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കൂടുതല്‍ ഗതാഗതസൗകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും രാത്രിയാണ് നഗരത്തിലെ തിരക്കൊഴിഞ്ഞത്. പോലിസ്, അഗ്നിശമന സേന തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പൊങ്കാല നടന്നത്. 4000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം പൊങ്കാലയിടുന്ന ഭക്തര്‍ക്കു ലഭിച്ചു. പൊങ്കാലയ്ക്കു ശേഷം മണിക്കൂറുകള്‍ക്കകം നഗരം വൃത്തിയാക്കി കോര്‍പറേഷനും മാതൃകയായി. പൊങ്കാലയിട്ടു തിരിച്ചുപോവുന്ന ഭക്തരുടെ സൗകര്യത്തിനായി റെയില്‍വേയും കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസുകള്‍ നടത്തി. കുത്തിയോട്ട വ്രതക്കാരായ ബാലന്‍മാര്‍ക്കു വേണ്ടിയുള്ള ചൂരല്‍കുത്തും താലപ്പൊലിയുടെ അകമ്പടിയോടെയുള്ള പുറത്തെഴുന്നള്ളിപ്പും ഇന്നലെ വൈകീട്ടും രാത്രിയിലും നടന്നു. ഇന്ന് കാപ്പഴിച്ച് കുരുതി തര്‍പ്പണം നടത്തുന്നതോടെ പൊങ്കാല മഹോല്‍സവത്തിനു സമാപനമാവും.
Next Story

RELATED STORIES

Share it