Pathanamthitta local

ആറ്റില്‍ മുങ്ങിപ്പോയ അമ്മയ്ക്കും കുഞ്ഞിനും രക്ഷകനായി സുബി

തിരുവല്ല: പൊടിയാടി ഓട്ടാഫിസ് കടവിന് സമീപം വെള്ളത്തില്‍ വീണ തമിഴ്‌നാട് സ്വദേശിനിയായ അമ്മയേയും കുഞ്ഞിനെയും അല്‍ഭുതകരമായി രക്ഷപ്പെടുത്തി. വീട്ടില്‍ സഹായത്തിനായി നിന്ന സുബിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഓട്ടാഫീസ് ജെനുമോന്‍സ് കോട്ടേജിന്റെ ഔട്ട്ഹൗസില്‍ താമസിക്കുന്ന തമിഴ്‌നാട്  മണ്ണാര്‍കുടി സ്വദേശിനി അമലയും ഇരട്ട കുട്ടികളിലൊന്നായ രണ്ടു വയസുള്ള റിയാന്‍ എന്ന കുഞ്ഞുമാണ് രക്ഷപ്പെട്ടത്. ജെസിബി. ഓപ്പറേറ്റര്‍ റീഗന്റെ ഭാര്യയാണ് അമല. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഇരട്ടകുട്ടികള്‍ രണ്ടുപേരും ആറ്റരികിലേക്ക് ഓടിപ്പോകുന്നതുകണ്ട് അമ്മ അമലയും പിന്നാലെ ഓടി. അമ്മ വരുന്നതുകണ്ട് ഒരു കുട്ടി (റിയോ) തിരിച്ച് വീട്ടിലേക്ക് ഓടി. മറ്റേ കുട്ടി ആറ്റിലേക്ക് വീണു. കുട്ടി വീണതുകണ്ട് രക്ഷപ്പെടുത്താനായി അമ്മ അമലയും പുറകെ ചാടി.  ഇരുവരും വെള്ളത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു.
ഇതുകണ്ട് ഓടിയെത്തിയ സുബി സുനില്‍ രണ്ടും കല്‍പ്പിച്ച് സാഹസികമായി വെള്ളത്തിലേക്ക് ചാടി ആദ്യം കുഞ്ഞിനെ പുറത്തെടുത്തു. പിന്നീട് അമ്മ അമലയേയും രക്ഷപ്പെടുത്തി. ചെറിയാന്റെ കൊച്ചുമകനെ പരിചരിക്കാനായി വീട്ടില്‍ നില്‍ക്കുന്നയാളാണ് കോഴഞ്ചേരി സ്വദേശി മുപ്പത്തിനാലുകാരിയായ സുബി സുനില്‍. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
പമ്പയാറും മണിമലയാറും തമ്മില്‍ ചേര്‍ന്നൊഴുകുന്ന ഇവിടെ 90 അടിയോളം വെള്ളമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സുബി സുനില്‍ കൈയിലിരുന്ന ചെറിയാന്റെ കൊച്ചുമകനെ അദ്ദേഹത്തെ ഏല്‍പ്പിച്ച ശേഷമാണ് വെള്ളത്തിലേക്ക് ചാടിയത്.
Next Story

RELATED STORIES

Share it