ആറ്റിങ്ങല്‍ ഇരട്ടക്കൊല: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി 18ന്

തിരുവനന്തപുരം: പ്രമാദമായ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ നിനോ മാത്യുവും അനുശാന്തിയും കുറ്റക്കാരെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ഇവര്‍ക്കുള്ള ശിക്ഷ ജഡ്ജി വി ഷെര്‍സി നാളെ പ്രഖ്യാപിക്കും. കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി വ്യക്തമാക്കിയ കോടതി, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും നിരീക്ഷിച്ചു.
പ്രതികള്‍ ഇരുവരും ടെക്‌നോപാര്‍ക്ക് ജീവനക്കാരാണ്. ആലങ്കോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ വീട്ടില്‍ തങ്കപ്പന്‍ ചെട്ട്യാരുടെ ഭാര്യ ഓമന (60), ഇവരുടെ മകന്‍ കെഎസ്ഇബി എന്‍ജിനീയര്‍ ലിജീഷിന്റെ മകള്‍ സ്വാസ്തിക (മൂന്നര) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തുകയും ലിജീഷിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസാണിത്. ലിജീഷിന്റെ ഭാര്യയാണ് അനുശാന്തി. ഒന്നാംപ്രതി നിനോ മാത്യുവുമായുള്ള വഴിവിട്ട ബന്ധമാണ് അരുംകൊലയില്‍ കലാശിച്ചത്.
ഇവരുടെ ബന്ധം ലിജേഷ് ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് കുടുംബത്തെ ഒഴിവാക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടത്. ഫോണ്‍രേഖകളില്‍നിന്ന് അനുശാന്തിയുടെ പങ്ക് പോലിസ് ഉറപ്പിച്ചു. 2014 ഏപ്രില്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നുതന്നെ നിനോയെ കസ്റ്റഡിയിലെടുത്തു. പിന്നീട് അനുശാന്തിയും അറസ്റ്റിലായി. സംഭവദിവസം പകല്‍ ലിജീഷ് പുറത്തുപോയപ്പോള്‍ വീട്ടില്‍ കയറിയ നിനോ മാത്യു ലിജീഷിന്റെ അമ്മയുടെ ഫോണില്‍നിന്ന് ലിജീഷിനെ കാണണമെന്നും താന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു. ഇതിനിടയില്‍ അടുക്കളയിലേക്കുപോയ ഓമനയെ ബേസ്‌ബോള്‍ സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചു തള്ളിയിട്ട് വെട്ടിക്കൊന്നു. ഇവരുടെ കൈയിലിരുന്ന സ്വാസ്തികയെയും ഇതേ രീതിയില്‍ കൊലപ്പെടുത്തി. തുടര്‍ന്ന്, സ്വീകരണമുറിയില്‍ വാതിലടച്ച് ലിജീഷിനായി കാത്തിരുന്നു. ചാരിയിരുന്ന കതക് തള്ളിത്തുറന്ന് ലിജീഷ് അകത്തേക്കു കയറിയ ഉടന്‍ മുളകുപൊടി മുഖത്തെറിഞ്ഞ് ആഞ്ഞുവെട്ടിയെങ്കിലും ഓടിമാറിയതിനാല്‍ തലയ്ക്ക് ഗുരുതര പരിക്കോടെ ലിജീഷ് രക്ഷപ്പെടുകയായിരുന്നു.
വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രായമായ മാതാപിതാക്കളും ചെറിയ കുട്ടികളുമുണ്ടെന്ന് ഒന്നാംപ്രതി നിനോ ബോധിപ്പിച്ചു. താന്‍ ആരെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നില്ലെന്നും മകളെ കൊന്ന അമ്മയായി തന്നെ ചിത്രീകരിക്കരുതെന്നും അനുശാന്തി പറഞ്ഞു.
Next Story

RELATED STORIES

Share it