ആറ്റമംഗലം പള്ളിയുടെ നടപടി: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് യാക്കോബായ അല്‍മായ ഫോറം

കൊച്ചി: മൃതദേഹത്തോട് അനാദരവ് കാണിച്ച യാക്കോബായ സഭാ നേതൃത്വത്തിന്റെയും ആറ്റമംഗലം പള്ളി കമ്മിറ്റിയുടെയും നടപടിക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍ നടപടി സ്വീകരിക്കണമെന്ന് യാക്കോബായ അല്‍മായ ഫോറം രക്ഷാധികാരി മാത്തച്ചന്‍ തുകലന്‍, പ്രസിഡന്റ് പോള്‍ വര്‍ഗീസ്, ലീഗല്‍ അഡൈ്വസര്‍ അഡ്വ. സാബു തൊഴുപ്പാടന്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
കുമരകം ആറ്റമംഗലം സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ മേരി ജോണിന്റെ മൃതദേഹം പള്ളിയില്‍ അടക്കാന്‍ സമ്മതിക്കാത്ത നടപടി ക്രിസ്തീയവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. മുംബെയില്‍നിന്ന് മൃതദേഹവുമായി എത്തിയ ബന്ധുക്കള്‍ ഏറെ പണിപ്പെട്ടതിനുശേഷമാണ് ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്തയുടെ ഇടപെടലിനെത്തുടര്‍ന്ന് പൊന്‍കുന്നം സെന്റ് തോമസ് പള്ളിയില്‍ അടക്കിയത്. സ്വന്തം ഇടവകയില്‍ ഖബറടക്കുകയെന്ന അവരുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ കഴിയാത്ത ബന്ധുക്കള്‍ തകര്‍ന്ന ഹൃദയത്തോടെയാണ് മടങ്ങിയത്.
സമാനമായ സംഭവം ഏതാനും നാളുകള്‍ക്കുമുമ്പ് പഴന്തോട്ടം പള്ളിയിലും നടന്നിരുന്നു. അവിടെ തെക്കേക്കര ഏബ്രഹാം എന്ന വ്യക്തിക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. കടത്തിണ്ണയില്‍ അന്തിയുറങ്ങിയിരുന്ന ഇദ്ദേഹം പള്ളിയില്‍ വരുന്നില്ല എന്ന വാദമുയര്‍ത്തിയാണ് മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കണമെന്ന വാദം പള്ളിക്കാര്‍ ഉയര്‍ത്തിയത്. കമ്മ്യൂനിസ്റ്റുകാരെയും ആത്മഹത്യ ചെയ്തവരെയും പണ്ട് തെമ്മാടിക്കുഴിയിലാണ് അടക്കിയിരുന്നത്. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ രീതിക്കു മാറ്റംവന്നുകഴിഞ്ഞു. ഇത്തരം മനുഷ്യത്വ രഹിതമായ സമീപനങ്ങള്‍ക്കെതിരേ കര്‍ശന നിലപാടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യാക്കോബായ അല്‍മായ ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it