thrissur local

ആറ്റപ്പിള്ളി പാലത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു

പുതുക്കാട്: വരന്തരപ്പിള്ളി മറ്റത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആറ്റപ്പിള്ളി പാലത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. പാലത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞതാണ് ഗതാഗതം സ്തംഭിക്കാന്‍ കാരണമായത്. പാതി വഴിയില്‍ നിര്‍മാണം നിലച്ച ആറ്റപ്പിള്ളി പാലത്തിനോട് ചേര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെയാണ് ഇരുഭാഗങ്ങളിലും താല്‍ക്കാലിക റോഡ് മണ്ണിട്ട് നിര്‍മിച്ചത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞുവീണു. ഇതോടെ ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ളവയുടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇരു പഞ്ചായത്തുകളിലും ഉള്ളവര്‍ക്ക് കൊടകര, വരന്തരപ്പിള്ളി ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനുള്ള മാര്‍ഗമാണ് ഇതോടെ അടഞ്ഞത്. വര്‍ഷങ്ങളായി പാലം നിര്‍മാണം നിലച്ചതോടെ നാട്ടുകാര്‍ പിരിവെടുത്താണ് റോഡ് നിര്‍മിച്ച് സഞ്ചാരയോഗ്യമാക്കിയിരുന്നത്. അര നൂറ്റാണ്ടിലേറെയായി നാട്ടുകാരുടെ ആവശ്യമായിരുന്നു ആറ്റപ്പിള്ളിയിലെ പാലം. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ആറ്റപ്പിള്ളി പാലം നിര്‍മാണ സമിതിയുടെ നേതൃത്വത്തില്‍ നിരവധി തവണ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും താല്‍ക്കാലിക റോഡ് പോലും നിര്‍മിക്കാന്‍ ഇതുവരെ തയാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാലവര്‍ഷം ശക്തമായതോടെ പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള താല്‍ക്കാലിക റോഡ് ചെളിക്കുണ്ടായി മാറിയിരിക്കുകയാണ്. മണ്ഡലത്തിന്റെ കാര്‍ഷിക ജലസേചന സൗകര്യങ്ങള്‍ക്കായാണ് ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്.
Next Story

RELATED STORIES

Share it