ആറു വയസ്സുകാരിയുടെ മരണം: ആശുപത്രിക്കെതിരേ ബന്ധുക്കള്‍

തളിപ്പറമ്പ്: ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ ആറു വയസ്സുകാരി കുത്തിവയ്പ് നല്‍കിയതിനു ശേഷം മരണപ്പെട്ടത് ആശുപത്രി അധികൃതരുടെ പിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ചിറവക്കില്‍ താമസിക്കുന്ന തളിപ്പറമ്പിലെ അഭിഭാഷകനും സ്വകാര്യ കോളജില്‍ അധ്യാപകനുമായ യു മനോജ്-നിഷ ദമ്പതികളുടെ മകള്‍ സാന്‍ജോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ മാളവികയാണ് കഴിഞ്ഞ ദിവസം തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം.
കടുത്ത പനിയും ഛര്‍ദ്ദിയും കാരണം തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ കുട്ടിയെ ചികില്‍സയ്‌ക്കെത്തിച്ചതായിരുന്നു. തുടര്‍ന്നു പരിശോധിച്ച ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കുട്ടിക്ക് കുത്തിവയ്‌പ്പെടുത്തത്. ഇതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും വഴിമധ്യേ മരണപ്പെട്ടു. മൂന്നു വയസ്സുകാരന്‍ നവജ്യോതിഷാണ് ഏകസഹോദരന്‍.
അതേസമയം, കുട്ടിയുടെ മരണകാരണം ആശുപത്രി അധികൃതരുടെ പിഴവാണെന്ന് കാണിച്ച് ബന്ധുക്കള്‍ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കി. പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോലിസ് ഇന്‍ക്വസ്റ്റിനു ശേഷം ഇന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
Next Story

RELATED STORIES

Share it