kannur local

ആറു മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം : റേഷന്‍ സ്തംഭനത്തിലേക്ക് ; ജനം ദുരിതത്തിലാവും



കണ്ണൂര്‍:  ഈമാസം ആറു മുതല്‍ റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെ ജില്ലയിലെ സംവിധാനം സ്തംഭനത്തിലാകും. ഇതോടെ റേഷന്‍ അരിയെ ആശ്രയിച്ചു കഴിയുന്ന പാവപ്പെട്ട കുടുംബങ്ങള്‍ പട്ടിണിയിലാകും. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന വ്യവസ്ഥകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ 850 ഓളം റേഷന്‍ കടകളുടെ വരിധിയിലായി രണ്ടുലക്ഷത്തിലധികം കാര്‍ഡുടമകളാണുള്ളത്. തുച്ഛമായ കമ്മിഷനില്‍ ജോലിചെയ്യുന്ന റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ വെട്ടിച്ചുരുക്കികൊണ്ടിരിക്കുന്നുവെന്നും നാമമാത്രമായ നിലയില്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുമ്പോള്‍ അതിന്റെ കമ്മിഷനും തുഛമാകുന്നതായി ഡീലേഷന്‍ സംയുക്ത സമരസമിതി നേതാക്കള്‍ പറയുന്നു. കഴിഞ്ഞ മെയ് 31 മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ മാന്യമായ വേതനവ്യവസ്ഥ ജൂണ്‍ മുതല്‍ നടപ്പാക്കുമെന്നു അറിയിച്ചതാണ്. ഇതുവരെയും നടപ്പാക്കിയില്ല. 350 കാര്‍ഡുകള്‍ ഉള്ള ഒരു കടയില്‍ 45 ക്വിന്റല്‍ അരി വതിരണം ചെയ്യുമ്പോള്‍ 16,000 രൂപവേതനം എന്നാണ് വ്യവസ്ഥ. എന്നാല്‍ 350 കാര്‍ഡുള്ള ഒരു കടയില്‍ 45 ക്വിന്റല്‍ അരി വിതരണം ചെയ്യേണ്ടിവരില്ല. ഇങ്ങനെ വരുമ്പോള്‍ ഈ തുകയില്‍നിന്നും വീണ്ടും കുറയും. എന്നിട്ടും അതു നടപ്പാക്കുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. നിലവില്‍ ഒരു ക്വിന്റല്‍ അരിക്ക് നൂറൂ രൂപയാണ് കമ്മിഷന്‍ കിട്ടുന്നത്. 45 ക്വിന്റല്‍ അരിക്ക് 4500രൂപ കമ്മിഷനാണ് ലഭിക്കുന്നത്. ഇതില്‍നിന്നു കട വാടക, സ്റ്റേഷനറി, സെയില്‍സ്മാന്‍ ശമ്പളം എല്ലാം നല്‍കണം. അതിനാല്‍ പലരും കടക്കെണിയിലാണെന്നു പരാതിയുണ്ട്. വേതനവ്യവസ്ഥകള്‍ വന്നാല്‍ തല്‍ക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും അഞ്ചു മാസമായിട്ടും വാഗ്ദാനം നടപ്പാക്കിയില്ല. കൂടാതെ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍ വല്‍ക്കരണം, ഇ പോസ് മെഷീന്‍ സ്ഥാപിക്കല്‍, വേതനപാക്കേജ്, ഡോര്‍ഡെലിവറി എന്നിവ നടപ്പാക്കണമെന്നുണ്ടെങ്കിലും ഇതുവരെയായി ഡോര്‍ഡെലിവറി മാത്രമാണ് നടപ്പാക്കിയത്. ഇതുതന്നെ ഉദ്യോഗസ്ഥരും മറ്റു ചിലരും ചേര്‍ന്നു അട്ടിമറിക്കപ്പെടുന്നു. അളവുതൂക്കം കൃത്യത ഉറപ്പുവരുത്തി സര്‍ക്കാര്‍ ചെലവില്‍ കടയില്‍ ഇറക്കികൊടുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും വന്‍തോതില്‍ തൂക്കക്കുറവ് വരുത്തുന്നതായും റേഷന്‍ ഉടമകള്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it