Idukki local

ആറു പേര്‍ക്കെതിരേ കേസ്; മര്‍ദ്ദിച്ചത് സിപിഎം-സിപിഐ പ്രവര്‍ത്തകരെന്ന് പൊമ്പിളൈ ഒരുമൈ

അടിമാലി: നേതാക്കളെ ദേവികുളത്ത് മര്‍ദ്ദിച്ചത് സിപിഎം-സിപിഐ നേതാക്കളെന്ന് പൊമ്പിളൈ ഒരുമൈ നേതാവും ബ്ലോക്കിലെ വിജയിയുമായ ഗോമതി അഗസ്റ്റിന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി പ്രവര്‍ത്തകരെ നന്ദി അറിയിക്കാന്‍ പോയ ലിസി സണ്ണി, ഗോമതി,മനോജ്, റോസ്‌മേരി എന്നിവരെയാണ് ഒരു സംഘം അക്രമിച്ചത്.
സിപിഎം-സിപിഐ നേതാക്കളായ തമ്പിദുരൈ, ഇന്ദ്രാണി, തമ്പിരാജ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമിച്ചത്. വടിയും കല്ലും മാരകായുധങ്ങളുമായാണ് അക്രമികള്‍ എത്തിയതെന്ന് അടിമാലി താലൂക്കാശുപത്രിയില്‍ കഴിയുന്ന ഗോമതി പറഞ്ഞു. ഇന്ദ്രാണിയുടെ ഭര്‍ത്താവ് മണികണ്ഠന്‍ വാക്കത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചു.തടയാന്‍ ശ്രമിച്ച മനോജിനെ അടിച്ചു വീഴ്ത്തിയതായും ഇവര്‍ പറഞ്ഞു.
ഗോമതി അടക്കമുള്ളവര്‍ ദേവികുളം സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലുംപെട്ട ആറു പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. പെമ്പിളൈ ഒരുമൈയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ എഐടിയുസി പ്രവര്‍ത്തക ഇന്ദ്രാണി(30), ഭര്‍ത്താവ് മണികണ്ഠന്‍(31), എന്നിവര്‍ക്കും ഗോമതി, പെമ്പിളൈ ഒരുമൈ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയായിരുന്ന മനോജ്, കണ്ടാലറിയാവുന്ന രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ എട്ടു പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. നല്ലതണ്ണി ബ്ലോക്ക് ഡിവിഷനില്‍ നിന്നും വിജയിച്ച ഗോമതി(35), റോസ്‌മേരി(32), വിവേക്(24), ആന്‍ഡ്രൂസ്(40), സെബാസ്റ്റിയന്‍(42) എന്നി പെമ്പിളൈ ഒരുമൈ നേതാക്കള്‍ അടിമാലി താലൂക്ക് ആശുപത്രിയിലും ട്രേഡ് യൂനിയന്‍ പ്രവര്‍്ത്തകരായ മേനക മാരിമുത്തു(24), ജെനീറ്റ അമ്പ്രോസ്(32), ആന്‍സി(25) എന്നിവര്‍ മൂന്നാര്‍ ടാറ്റാ ആശുപത്രിയിലും ചികില്‍സയിലാണ്. അക്രമികള്‍ തനിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വധഭീഷണി മുഴക്കിയതായും ഇവര്‍ ആരോപിച്ചു.
ഗോമതിയുടെ തലയ്ക്കും ലിസി, മനോജ് എന്നിവരുടെ കൈകള്‍ക്കുമാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് മൂന്നാറില്‍ നിന്നും നൂറിലധികം ആളുകള്‍ അടിമാലി താലൂക്കാശുപത്രിയിലെത്തിയിട്ടുണ്ട്.ദേവികുളം പോലിസാണ് കേസ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it