ആറുപേര്‍ അറസ്റ്റില്‍

ബ്രസ്സല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ ചൊവ്വാഴ്ചയുണ്ടായ സായുധാക്രമണങ്ങളുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റില്‍. പോലിസ് അന്വേഷണം ഊര്‍ജിതമായി മുന്നോട്ടു പോവുന്നതിനിടെയാണ് അറസ്റ്റ്. ഷെയര്‍ബീക്ക് ജില്ലയില്‍ നിന്നാണ് ആറുപേരും അറസ്റ്റിലായത്. വീടുകയറിയുള്ള റെയ്ഡില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് ആറുപേരും പിടിയിലായത്. അതേസമയം, ബ്രസ്സല്‍സിലെ ഫോറസ്റ്റ് ജില്ലയില്‍ നിന്ന് ഏഴാമത്തെയാളെയും അറസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. അതിനിടെ, ഫ്രഞ്ച്് തലസ്ഥാനമായ പാരിസില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഒരാള്‍ അറസ്റ്റിലായതായി ഫ്രഞ്ച് പോലിസ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ അര്‍ജെന്റ്യൂവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫ്രഞ്ച് പൗരനായ ഇയാള്‍ക്ക് പാരിസ്, ബ്രസ്സല്‍സ് ആക്രമണങ്ങളുമായി ബന്ധമില്ലെന്ന് പോലിസ് അറിയിച്ചു. അറസ്റ്റിലൂടെ വന്‍ ആക്രമണപദ്ധതി മുന്‍കൂട്ടി കണ്ടെത്തി തകര്‍ക്കാന്‍ പോലിസിന് കഴിഞ്ഞതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍നാഡ് കാസെനോവ് പറഞ്ഞു. ബ്രസ്സല്‍സ് ആക്രമണത്തിന് നവംബറില്‍ പാരിസില്‍ നടന്ന ആക്രമണങ്ങളുമായി ബന്ധമുണ്ടെന്നാണു കരുതുന്നത്. അതേസമയം, ഐഎസിനെ തുടച്ചുനീക്കണമെന്ന് ബ്രസ്സല്‍സില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു. ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്ത പാരിസ്, ബ്രസ്സല്‍സ് ആക്രമണങ്ങളില്‍ യഥാക്രമം 130, 31 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it