Flash News

ആറാഴ്ചയ്ക്കിടെ ബംഗ്ലാദേശിലെത്തിയത് 5.15 ലക്ഷത്തിലധികം റോഹിന്‍ഗ്യര്‍ ; കൂടുതല്‍ റോഹിന്‍ഗ്യര്‍ പലായനം ചെയ്യാന്‍ സാധ്യതയെന്ന് യുഎന്‍



ജനീവ: മ്യാന്‍മറില്‍ നിന്നു കൂടുതല്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ സാധ്യതയുള്ളതായി യുഎന്‍. ആഗസ്ത് 25നുണ്ടായ സൈനിക ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തുനിന്ന് ബംഗ്ലാദേശിലേക്കു പലായനം ചെയ്ത റോഹിന്‍ഗ്യരുടെ എണ്ണം 5.15 ലക്ഷം കവിഞ്ഞിട്ടുണ്ട്. അതേസമയം വടക്കന്‍ റാഖൈനിലെ റോഹിന്‍ഗ്യര്‍ക്കിടയിലേക്കു പ്രവേശനം അനുവദിക്കണമെന്ന ആവശ്യം യുഎന്‍ മനുഷ്യാവകാശ അണ്ടര്‍ സെക്രട്ടറി ജനറല്‍ മാര്‍ക് ലോകുക്ക് ആവര്‍ത്തിച്ചു. ലക്ഷക്കണക്കിന് റോഹിന്‍ഗ്യര്‍ ഇപ്പോഴും മ്യാന്‍മറില്‍ തുടരുന്നുണ്ട്. അവരുടെ പലായനം ഇതുവരെ അവസാനിച്ചിട്ടില്ല. വീണ്ടും പലായനമുണ്ടായാല്‍ അതിനനുസരിച്ച് പ്രതികരിക്കാന്‍ സജ്ജമായിരിക്കേണ്ടതുണ്ടെന്നും യുഎന്‍ പ്രതിനിധി വ്യക്തമാക്കി. പ്രതിദിനം 2000 ഓളം റോഹിന്‍ഗ്യരാണ് ഇപ്പോള്‍ ബംഗ്ലാദേശിലെത്തുന്നതെന്നാണു കണക്കുകള്‍. അതേസമയം ബംഗ്ലാദേശിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളില്‍ 2.81 ലക്ഷത്തോളം പേര്‍ പോഷകാഹാരക്കുറവ് നേരിടുന്നതായി സന്നദ്ധസംഘടനകള്‍ അറിയിച്ചു. അഞ്ചു വയസ്സിനു താഴെയുള്ള 1.45 ലക്ഷം കുട്ടികളും 50,000ഓളം ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇതിലുള്‍പ്പെടുന്നു. കോളറ അടക്കമുള്ള പകര്‍ച്ചവ്യാധി ഭീഷണികളും അഭയാര്‍ഥി ക്യാംപുകളില്‍ നിലനില്‍ക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ വാരാന്ത്യത്തോടെ ഒമ്പതു ലക്ഷം കോളറ പ്രതിരോധ വാക്‌സിനുകള്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിക്കും. ചൊവ്വാഴ്ചയോടെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Next Story

RELATED STORIES

Share it