Flash News

ആറാടിത്തിമര്‍ത്ത് കേരളം മുന്നോട്ട്; മണിപ്പൂരിനെ ആറ് ഗോളിന് തകര്‍ത്തു

ആറാടിത്തിമര്‍ത്ത് കേരളം മുന്നോട്ട്; മണിപ്പൂരിനെ ആറ് ഗോളിന് തകര്‍ത്തു
X

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. ആവേശ പോരാട്ടത്തില്‍ മണിപ്പൂരിനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. ജിതിന്‍ ഗോപാലന്‍ ഹാട്രിക്ക് നേടിയപ്പോള്‍, അഫ്ദാല്‍, രാഹുല്‍ കെ പി ജിതിന്‍ എം എസ് എന്നിവരും കേരളത്തിന് വേണ്ടി ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് എയില്‍ പശ്ചിമ ബംഗാളിനെ മറികടന്ന് കേരളം തലപ്പത്തെത്തി.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് കേരളം മണിപ്പൂരിനെ ഗോള്‍മഴയില്‍ മുക്കിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പല മുന്നേറ്റങ്ങളും നടത്തിയെങ്കിലും ഗോളകന്ന് നിന്നതോടെ ആദ്യ പകുതി അക്കൗണ്ട് കാലിയാക്കി മടങ്ങി.
രണ്ടാം പകുതി ഗോളോടെയാണ് കേരളം തുടങ്ങിയത്. 46ാം മിനിറ്റില്‍ പകരക്കാരനായെത്തിയ അഫ്ദാലാണ് കേരളത്തിന്റെ അക്കൗണ്ട് തുറന്നത്. ആദ്യ ഗോള്‍ പിറന്നതോടെ കലം നിറഞ്ഞാടിയ കേരള നിര മണിപ്പൂര്‍ ഗോള്‍മുഖം നിരന്തരം വിറപ്പിച്ചു. ആദ്യ പകുതിയില്‍ ഗോള്‍കീപ്പര്‍ സലിം ദിനകുമാറിന് പരിക്കേറ്റ് പുറത്തുപോവേണ്ടി വന്നതാണ് മണിപ്പൂരിന് തിരിച്ചടിയായത്. പകരക്കാരനായെത്തിയ ബോംബോ സിങിന്റെ കൈകള്‍ നിരന്തരം ചോര്‍ന്നതോടെ കേരളം ആറുഗോളുകള്‍ അക്കൗണ്ടിലാക്കുകയായിരുന്നു.
56ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍കിക്കിനെ കേരളം വലയിലാക്കുമെന്ന് തോന്നിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ ഗോളകന്നുനിന്നു. ആക്രമിച്ച് മുന്നേറിയ കേരള നിര 59ാം മിനിറ്റില്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. വലതു ഭാഗത്ത് നിന്ന് അഫ്ദാല്‍ നടത്തിയ മുന്നേറ്റം ഗോള്‍ പോസ്റ്റില്‍ മണിപ്പൂര്‍ പ്രതിരോധം തടുത്തെങ്കിലും പന്ത് പിടിച്ചെടുത്ത കെ പി രാഹുല്‍ മണിപ്പൂരിന്റെ വലതുളയ്ക്കുകയായിരുന്നു. കേരളം 2-0ന് മുന്നില്‍.
പിന്നീട് ജിതിന്‍ ഗോപാലന്‍ കളിക്കളം കീഴടക്കുന്ന കാഴ്ചയ്ക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. 61ാം മിനിറ്റില്‍ തന്റെ ഗോള്‍വേട്ടക്ക് തുടക്കമിട്ട ജിതിന്റെ കേരളത്തിന്റെ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. 70ാം മിനിറ്റില്‍ അനുരാഗിനെ പിന്‍വലിച്ച് കേരളം ശ്രീക്കുട്ടനെ കളത്തിലിറക്കി. തൊട്ടടുത്ത മിനിറ്റില്‍ കേരളം ഗോള്‍ നേട്ടം നാലാക്കി ഉയര്‍ത്തി. ഒറ്റയാള്‍ കുതിപ്പ് നടത്തി ജിതിന്‍ എംഎസ് തൊടുത്ത ഷോട്ട് മണിപ്പൂര്‍ ഗോളിയെ കാഴ്ചക്കാരനാക്കി ഗോള്‍വലയില്‍ പതിക്കുകയായിരുന്നു. കേരളം 4-0ന് മുന്നില്‍.
73ാം മിനിറ്റില്‍ മണിപ്പൂര്‍ നിര മികച്ച മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. 83ാം മിനിറ്റില്‍ ജിതിന്‍ ഗോപാലന്‍ വീണ്ടും ലക്ഷ്യം കണ്ടതോടെ കേരളത്തിന്റെ സ്‌കോര്‍കാര്‍ഡില്‍ അഞ്ച് ഗോള്‍ തെളിഞ്ഞു. ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് ജിതിന്‍ ഗോപാലന്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയതോടെ ആറ് ഗോളിന്റെ ആഘോഷ ജയവും കേരളത്തിനൊപ്പം നിന്നു.
Next Story

RELATED STORIES

Share it