Flash News

ആറാം നമ്പര്‍ കോടതി മുറിയില്‍ ഇന്നലെ നടന്നത്

ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ സാധാരണ നടപടികള്‍ ആരംഭിക്കുന്നതിനും 45 മിനിറ്റ് മുമ്പ് തന്നെ ഇന്നലെ ആറാം നമ്പര്‍ കോടതി മുറിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തിങ്ങിനിറഞ്ഞിരുന്നു. ജസ്റ്റിസുമാരായ എ കെ സിക്രി, എസ് എ ബോബ്‌ഡേ, അശോക് ഭൂഷന്‍ എന്നിവര്‍ 1.40ന് ബെഞ്ചിലിരുന്നു.
മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്‌വി എന്നിവര്‍ പരാതിക്കാരായ കോണ്‍ഗ്രസ്സിനും ജെഡിഎസിനും വേണ്ടി ഹാജരായി. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടിയും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കര്‍ണാടക സര്‍ക്കാരിനും ഗവര്‍ണര്‍ക്കും വേണ്ടി ഹാജരായി. ബി എസ് യെദ്യൂരപ്പയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹത്ഗിയും ഹാജരായി. വാദപ്രതിവാദങ്ങള്‍ ഒരു മണിക്കൂറിലധികം നീണ്ടു.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്ന് വ്യക്തമാക്കി 15, 16 തിയ്യതികളില്‍ യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കു നല്‍കിയ രണ്ടു കത്തുകള്‍ മുകുള്‍  രോഹത്ഗി കോടതിയില്‍ ഹാജരാക്കി.
ആരാണു സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്നത് നോക്കുക എന്നതാണ് ഗവര്‍ണറുടെ ഏക ചുമതല. കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും കത്തില്‍ രണ്ട് പേരുടെ ഒപ്പില്ല. അവര്‍ ഗവര്‍ണര്‍ക്കു നല്‍കിയത് മറ്റൊരു കത്താണെന്നാണ് കരുതുന്നത്. പ്രസ്തുത കത്ത് ഗവര്‍ണര്‍ക്കു നല്‍കിയിട്ടില്ലെങ്കില്‍ പരാതി ഇനി കേള്‍ക്കുന്നതില്‍ കാര്യമില്ല. അവര്‍ എംഎല്‍എമാരെ തടഞ്ഞുവച്ചിരിക്കുകയാണെന്നും രോഹത്ഗി പറഞ്ഞു.

ിജസ്റ്റിസ് എ കെ സിക്രി: ആത്യന്തികമായി ഇത് സംഖ്യകളുടെ കളിയാണ്. ഒരു കക്ഷിക്കു മാത്രമായി ഭൂരിപക്ഷമില്ല. സര്‍ക്കാരിയ കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നത് തിരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യത്തിന് ആദ്യവും ഏറ്റവും വലിയ ഒറ്റക്കക്ഷിക്കു രണ്ടാമതും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കണമെന്നാണ്. മൂന്നാമതായാണു തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തെ പരിഗണിക്കേണ്ടത്. എന്നാല്‍, ഇക്കാര്യങ്ങള്‍ സര്‍ക്കാരിയ കമ്മീഷന്‍ നിയമപരമായി നിഷ്‌കര്‍ഷിക്കുന്നില്ല. ഈ സാഹചര്യത്തില്‍ രണ്ടു കാര്യങ്ങളാണു കോടതി മുന്നോട്ടുവയ്ക്കുന്നത്.

ി ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ശരിയോ തെറ്റോ എന്നു പരിശോധിക്കാം.
ി വിശ്വാസ വോട്ടെടുപ്പ് നടത്തണം, അത് നാളെ (ഇന്ന്) തന്നെ നടക്കണം.
ി ഇതില്‍ ഏതു വേണമെന്ന് ചോദിച്ചാല്‍ ഒന്നാമത്തേതില്‍ ആയിരിക്കും തീരുമാനം എടുക്കുക.

ിഅഭിഷേക് മനു സിങ്‌വി: ആരെയാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യം ക്ഷണിച്ചതെന്നാണ് ചോദ്യം. കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തെ മാറ്റിനിര്‍ത്തി ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിലും ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയതിലുമുള്ള ഗവര്‍ണറുടെ ഉദ്ദേശ്യശുദ്ധി പരിശോധിക്കണം. കോടതി നിര്‍ദേശിച്ച രണ്ടു മാര്‍ഗങ്ങളും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. നാളെ (ഇന്ന്) തന്നെ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള വിശ്വാസവോട്ടെടുപ്പ് നടക്കട്ടെ.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി യെദ്യൂരപ്പ ആദ്യം കത്ത് നല്‍കിയത് 15നാണ്. എന്നാല്‍, ഔദ്യോഗിക ഫലപ്രഖ്യാപനം വന്നത് 16നാണ്. തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന് അവര്‍ അവകാശപ്പെട്ടുകഴിഞ്ഞിരുന്നു.
കോണ്‍ഗ്രസ്സും ജെഡിഎസും നല്‍കിയ കത്തില്‍ രണ്ട് പേരുടെ ഒപ്പില്ലെങ്കില്‍ തന്നെ അവര്‍ 115 എംഎല്‍എമാരുണ്ട്.
117 പേരുകളുമായി ഒരു കത്തും 104 പേരുകളുമായി മറ്റൊരു കത്തും ലഭിച്ചാല്‍ തന്നെ 104 എന്നത് 117നെക്കാള്‍ വലുതാണ് എന്ന് ഗവര്‍ണര്‍ എങ്ങനെ തീരുമാനിക്കും.
കോടതി പറഞ്ഞത് അനുസരിച്ചാണെങ്കില്‍ സര്‍ക്കാരിയ കമ്മീഷന്‍ റിപോര്‍ട്ട് അനുസരിച്ച് ഗതിമാറ്റത്തിനുള്ള സാധ്യതയുണ്ട്. പക്ഷേ, അത് ഏറ്റവും വലിയ ഒറ്റക്കഷിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ്. ഇവിടെ 104 അംഗങ്ങള്‍ മാത്രമാണുള്ളത്. ഏഴു പേര്‍ കൂടി പിന്തുണയ്ക്കും എന്നു പറയുന്നു. അതു കൂടി ഉറപ്പായാല്‍ മാത്രമേ അവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ കഴിയൂ. ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് ഭൂരിപക്ഷം ഇല്ലാതിരിക്കേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാം എന്ന് നിയമം അനുശാസിക്കുന്നില്ല.

ി ജസ്റ്റിസ് എ കെ സിക്രി: ഈ സാഹചര്യത്തില്‍ വാദം കേള്‍ക്കുകയും ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്താലും ഈ പ്രശ്‌നത്തിന് അതൊരു പ്രായോഗിക പരിഹാരം ആവില്ല. അതുകൊണ്ടാണ് നാളെ (ഇന്ന്) തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് പറയുന്നത്.

ി കപില്‍ സിബല്‍: ഒരു ഭരണഘടനാപരമായ പദവിയില്‍ നിന്നുള്ള വിവേചനം ഭരണഘടനാപരമായ നിയമത്തില്‍ ഒതുക്കിനിര്‍ത്തിയിരിക്കുകയാണ്. (സര്‍ക്കാരിയ കമ്മീഷന്‍ റിപോര്‍ട്ടിലെ പ്രസ്തുത ഭാഗം വായിക്കുന്നു.) യെദ്യൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ പറയുന്നത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെന്നും ഭൂരിപക്ഷ പിന്തുണ ഉണ്ടെന്നുമാണ്. ഇക്കാര്യം ഉറപ്പാണെങ്കില്‍ ആ പിന്തുണ വെളിപ്പെടുത്തേണ്ടതാണ്. ഇവിടെയാണ് ഗവര്‍ണറുടെ വിവേചനം വരുന്നത്. ഇത് ഭരണഘടനാപരമായ അധാര്‍മികതതന്നെയാണ്.
ഈ വിഷയത്തില്‍ ഗവര്‍ണര്‍ യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസ്സിന്റെയോ ജെഡിഎസിന്റെയോ പിന്തുണ കൂടിയേ തീരൂ എന്നു വ്യക്തമാണ്. മറ്റൊരു വഴിയും ഇല്ല.

ി തുഷാര്‍ മേത്ത: കര്‍ണാടക സംസ്ഥാനത്തിന് വേണ്ടിയാണ് ഹാജരായിരിക്കുന്നത്. എംഎല്‍എമാരുടെ ഒപ്പോടു കൂടി ഒരു കത്തും ഗവര്‍ണര്‍ക്കു ലഭിച്ചിട്ടില്ല. ഗവര്‍ണര്‍ക്കു ലഭിച്ച കത്തില്‍ പേരുകള്‍ മാത്രമേയുള്ളൂ. ആരുടെയും ഒപ്പുകളില്ല.

ി എ കെ സിക്രി: മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്.

ിപി ചിദംബരം: വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതുവരെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ എംഎല്‍എ ആയി നിയമിക്കരുത്.

(മുകുള്‍ രോഹത്ഗി ഇതിനെ എതിര്‍ക്കുന്നു.)

ി ജ. എ കെ സിക്രി: മിസ്റ്റര്‍ രോഹത്ഗി. ഇതു വളരെ വ്യക്തമാണ്. നിങ്ങള്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുന്നത് വരെ ഇത്തരം നിയമനങ്ങള്‍ നടത്താന്‍ പാടില്ല.

ി മുകുള്‍ രോഹത്ഗി: ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. എംഎല്‍എമാര്‍ എത്തിച്ചേരാനുണ്ട്. വിശ്വാസ വോട്ടെടുപ്പ് നാളെ (ഇന്ന്) തന്നെ നടത്തരുത്. ഏറ്റവും കുറഞ്ഞത് മൂന്നു ദിവസത്തെ സമയം എങ്കിലും അനുവദിക്കണം. എംഎല്‍എമാര്‍ക്കു ഭയവും ആശങ്കയുമില്ലാതെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാവണം.

ിരാംജത്മലാനി: ഈ വിഷയത്തില്‍ ഗവര്‍ണറുടെ നടപടിയില്‍ ലജ്ജ തോന്നുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും വേണ്ടിയല്ല ഹാജരായിട്ടുള്ളത്. ശാരീരികമായി ഇനിയെത്ര നാള്‍ ശക്തന്‍ ആയിരിക്കും എന്നറിയില്ല. എന്നാല്‍, ബൗദ്ധിക ശക്തി ഉള്ള കാലത്തോളും മുന്നോട്ടു പോവും. ഗവര്‍ണറുടെ  ഇത്തരത്തിലുള്ള നടപടികള്‍ കണ്ട് നിശ്ശബ്ദനായിരിക്കാന്‍ കഴിയില്ല. പരസ്യമായി അഴിമതി നടത്താനുള്ള തുറന്ന ക്ഷണമാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്.

ിജസ്റ്റിസ് എ കെ സിക്രി: ഗവര്‍ണറുടെ നടപടി ശരിയോ തെറ്റോ എന്നു പരിശോധിക്കുമ്പോള്‍ ഈ വിഷയങ്ങള്‍ തീര്‍ച്ചയായും കോടതി പരിഗണിക്കും.
Next Story

RELATED STORIES

Share it