kannur local

ആറളം വനത്തില്‍ ഉരുള്‍പൊട്ടല്‍; പുഴകള്‍ നിറഞ്ഞു

ഇരിട്ടി: മലയോര മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തി ആറളം വനത്തില്‍ ഉരുള്‍പൊട്ടല്‍. ചീങ്കണ്ണി, കക്കുവ പുഴകള്‍ നിറഞ്ഞുകവിഞ്ഞു. ആറളം ഫാം പുനരധിവാസ മേഖലയിലെ മൂന്നു വീടുകളില്‍ വെള്ളം കയറി. മഴയില്ലാതെ പുഴകള്‍ നിറഞ്ഞു കവിഞ്ഞതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. ഇന്നലെ വൈകീട്ട് 6.30ഓടടെയായിരുന്നു സംഭവം. ആറളം വനത്തില്‍ ഉരുള്‍പൊട്ടിയതാണെന്നാണ് സംശയം. മഴയില്ലാതെ ചീങ്കണ്ണി, കക്കുവ പുഴകള്‍ കലങ്ങിമറിഞ്ഞു നിറഞ്ഞൊഴുകി. ആറളം ഫാമിലെ താമസക്കാരായ സോമന്‍, അനിതാ ശശി, ഒടുക്കന്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. കഴിഞ്ഞ തവണയും ഇവരുടെ വീടുകളില്‍ വെള്ളം കയറിയിരുന്നു. പുഴകളില്‍ വെള്ളം ഇരച്ചുകയറാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. സംഭവമറിഞ്ഞ് പേരാവൂരില്‍നിന്ന് അഗ്‌നിരക്ഷാ സേനയും മുഴക്കുന്ന് പോലിസും സ്ഥലത്തെത്തി പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പാലപ്പുഴ പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞു. എന്നാല്‍ അരമണിക്കൂര്‍ നേരം കൊണ്ട് പുഴകളിലെ ജലവിതാനം താഴ്്ന്നു. എന്നാല്‍ ജനങ്ങളുടെ ഭീതി അകന്നിട്ടില്ല. നെല്ലിയോടിയിലും മറ്റും വിണ്ടുകീറി നില്‍ക്കുന്ന മലകളാണ് മേഖലയില്‍ ഭീതി വിതയ്ക്കുന്നത്. ഇതുപോലെ വനപ്രദേശങ്ങളിലും ഏതുനേരവും ഇടിഞ്ഞുവീഴാന്‍ പാകത്തില്‍ നില്‍ക്കുന്ന മലകള്‍ നിരവധിയുണ്ട്.

Next Story

RELATED STORIES

Share it